സോണിയേയും രാഹുലിനെയും ചോദ്യം ചെയ്തിട്ട് ഒന്നും കിട്ടിയിട്ടില്ല, ജനങ്ങളെ വിഡ്ഢികളാക്കുന്ന കേസെന്നും കോൺഗ്രസ്

ദില്ലി: കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി ഒന്നാം പ്രതിയും മകനും പ്രതിപക്ഷനേതാവുമായ രാഹുൽ ഗാന്ധി രണ്ടാം പ്രതിയുമായ നാഷണൽ ഹെറാൾഡ് കേസിൽ എൻഫോഴ്‌സ്‌മെൻറ് ഡയറക്ട്രേറ്റിനെയും കേന്ദ്ര സർക്കാരിനെയും രൂക്ഷമായി വിമർശിച്ച് കോൺഗ്രസ്. സോണിയ ഗാന്ധിയേയും രാഹുൽ ഗാന്ധിയേയും ഉന്നമിട്ടത് രാഷ്ട്രീയമായി തകർക്കാനെന്ന് കോൺഗ്രസ് വക്താവ് ജയ്‌റാം രമേശും അഭിഷേക് മനു സിംഗ്വിയും വാർത്താസമ്മേളനത്തിൽ അഭിപ്രായപ്പെട്ടു. എ ജെ എല്ലിൻറെ സാമ്പത്തിക ബാധ്യത യംഗ് ഇന്ത്യ ഏറ്റെടുക്കുകയായിരുന്നു. എ ജെ എല്ലിന് 90 കോടിയുടെ കടമുണ്ടായിരുന്നു. കടം ഏറ്റെടുക്കുമ്പോൾ എവിടെയാണ് കള്ളപ്പണ ഇടപാട് നടക്കുകയെന്നും കോൺഗ്രസ് ചോദിച്ചു.

യംഗ് ഇന്ത്യ നോൺ പ്രോഫിറ്റ് ചാരിറ്റബിൾ സ്ഥാപനമാണ്. എ ജെ എല്ലിൻറെ എല്ലാ സ്വത്തുക്കളും എ ജെ എല്ലിന് തന്നെയാണ്. ആ സ്വത്തുക്കൾ യംഗ് ഇന്ത്യക്ക് കൈമാറിയിട്ടില്ലെന്നും ജയ്‌റാം രമേശും അഭിഷേക് മനു സിംഗ്വിയും വിവരിച്ചു. രാഹുൽ ഗാന്ധിയേയും സോണിയേയും ചോദ്യം ചെയ്തിട്ട് ഒന്നും കിട്ടിയിട്ടില്ല. ജനങ്ങളെ വിഡ്ഢികളാക്കുന കേസാണിതെന്നും കോൺഗ്രസ് അഭിപ്രായപ്പെട്ടു. ഇ ഡിയെ ഇലക്ഷൻ ഡിപ്പാർട്ട്‌മെൻറ് ആക്കുന്നുവെന്ന് മാത്രം. പി എം എൽ എ നിയമം ലംഘിക്കപ്പെട്ടിട്ടില്ല. തുടർ നിയമ വഴിയെന്തെന്ന് ഇപ്പോൾ വ്യക്തമാക്കാനാവില്ലെന്നും നേതാക്കൾ പറഞ്ഞു. കേസിനെ കുറിച്ച് വേണ്ടാത്ത കാര്യങ്ങളൊക്കെയാണ് പ്രചരിച്ചിരിക്കുന്നതെന്നും ഇക്കാര്യത്തിൽ മാധ്യമങ്ങൾ ആദ്യം വ്യക്തത വരുത്തണമെന്നും സിംഗ്വി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *