‘സാറേ ഈ മൂർഖനാണ് എന്നെ കടിച്ചത്…’; കടിച്ച പാമ്പിനെ ഭരണിയിലാക്കി ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ യുവാവിനെ കണ്ട് അമ്പരന്ന് ഡോക്ടർമാർ

ഈ പാമ്പാണ് സാറേ കടിച്ചത്… ഉടൻ ചികിത്സിക്കൂ… തന്നെ കടിച്ച ഉഗ്രവിഷമുള്ള മൂർഖനെ പ്ലാസ്റ്റിക് ഭരണിയിലാക്കി ആശുപത്രിയിലെത്തിയ ഹരിസ്വരൂപ് രാമചന്ദ്ര മിശ്ര എന്ന യുവാവ് ഡോക്ടർമാരോടു പറഞ്ഞു. അത്യാഹിത വിഭാഗത്തിലെത്തിയ രോഗിയെക്കണ്ട് ഡോക്ടർമാർ അമ്പരപ്പോടെ പരസ്പരം നോക്കി. ഉത്തർപ്രദേശിലെ ലഖിംപുർ ഖേരി ജില്ലയിലാണു സംഭവം. സമ്പൂർണ നഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ താമസക്കാരനായ ഹരിസ്വരൂപിനു വെള്ളിയാഴ്ചയാണു പാമ്പിൻറെ കടിയേറ്റത്. 

വീട്ടിൽ ചില്ലറ ജോലികളിലേർപ്പെട്ടിരിക്കുമ്പോൾ മൂർഖൻ യുവാവിൻറെ സമീപത്തെത്തുകയും കൈയിൽ കടിക്കുകയുമായിരുന്നു. ആദ്യമൊന്ന് അമ്പരന്നെങ്കിലും ധൈര്യശാലിയായ ഹരിസ്വരൂപ് മൂർഖനെ തന്ത്രപൂർവം പിടികൂടുകയും പ്ലാസ്റ്റിക് ഭരണിയിലാക്കുകയുമായിരുന്നു. ഉടൻതന്നെ യുവാവ് ആശുപത്രിയിലെത്തുകയും ചെയ്തു. കടിയേറ്റ ഭാഗം തുണികൊണ്ടു കെട്ടുകയും രക്തം പുറത്തേക്കൊഴുക്കുകയും ചെയ്തിരുന്നു ഹരിസ്വരൂപ്.

എക്സിൽ പ്രചരിക്കുന്ന വീഡിയോ വൻ തരംഗമാണ്. ഹരിസ്വരൂപ് ആശുപത്രി കിടക്കയിൽ ഇരിക്കുന്നതും സംഭവം വിവരിക്കുന്നതും ഡോക്ടർമാർ അതെല്ലാം കേൾക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഈ സമയം ഹരിസ്വരൂപിൻറെ കൈയിലിരിക്കുന്ന പ്ലാസ്റ്റിക് ഭരണിയിൽ മൂർഖൻ പത്തിവിടർത്തിനിൽക്കുന്നതും ദൃശ്യങ്ങളിലുണ്ട്. 

ആശുപത്രി അധികൃതർ പകർത്തിയ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ആശുപത്രി ജീവനക്കാരൻ രോഗിക്ക് നൽകാനുള്ള കുത്തിവയ്പു തായാറാക്കുന്നതും കാണാം. കടിച്ച പാമ്പിനെ തിരിച്ചറിയാൻ കഴിഞ്ഞത് ഉചിതമായ ചികിത്സ വേഗത്തിൽ നൽകാൻ ഡോക്ടർമാർക്കു സാധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *