മുൻ ഗണ്ണവാരം എം.എൽ.എയും വൈ.എസ്.ആർ.സി.പി നേതാവുമായ വല്ലഭനേനി വംശിയെ ആന്ധ്ര പോലീസ് ഇന്ന് പുലർച്ചെ ഹൈദരാബാദിൽ വെച്ച് അറസ്റ്റ് ചെയ്തു. വൈ.എസ്.ആർ കോൺഗ്രസിന്റെ ഭരണകാലത്ത് ഗണ്ണവാരത്തെ ടി.ഡി.പി ഓഫിസ് ആക്രമിച്ചതുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. വിജയവാഡയിലെ പടമറ്റ പോലീസ് ഭാരതീയ ന്യായ സംഹിതയുടെ ഒന്നിലധികം വകുപ്പുകൾ പ്രകാരം ഇദ്ദേഹത്തിനെതിരെ കേസെടുത്തു.
ഗണ്ണവാരം ടി.ഡി.പി ഓഫിസ് ആക്രമിച്ച കേസിലെ പരാതിക്കാരനായ സത്യവർധന്റെ കുടുംബം നൽകിയ പരാതിയുമായി ബന്ധപ്പെട്ടാണ് വംശിയുടെ അറസ്റ്റെന്നാണ് വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. പടമറ്റ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പരാതിയിൽ, സത്യവർധനെ വംശി തട്ടിക്കൊണ്ടുപോവുകയും തന്റെ പരാതി പിൻവലിക്കുകയാണെന്ന് കാണിച്ച് കോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കാൻ നിർബന്ധിച്ചുവെന്നും ആരോപിക്കുന്നുണ്ട്.
ഈ പരാതിയുടെ അടിസ്ഥാനത്തിൽ പടമറ്റ പോലീസ് ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. കേസ് പിൻവലിക്കാൻ ഭീഷണിപ്പെടുത്തിയതിനും തട്ടിക്കൊണ്ടുപോകൽ, സാക്ഷികളെ നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ഇതിൽ ഉൾപ്പെടുന്നുണ്ട്.