വൈക്കോൽ കത്തിക്കുന്നത് ഉടൻ നിർത്തിയേ മതിയാകൂ; സംസ്ഥാനങ്ങള്‍ക്ക് സുപ്രീം കോടതിയുടെ കർശന നിർദേശം

രാജ്യ തലസ്ഥാനത്ത് വായു ഗുണനിലവാരം മോശമായ സാഹചര്യത്തില്‍ വൈക്കോല്‍ കത്തിക്കുന്നത് ഏതുവിധേനയും അവസാനിപ്പിക്കണമെന്ന് പഞ്ചാബ്, ഡല്‍ഹി, ഉത്തര്‍പ്രദേശ് സര്‍ക്കാരുകള്‍ക്ക് നിര്‍ദേശംനല്‍കി സുപ്രീം കോടതി. വൈക്കോൽ കത്തിക്കുന്നതിനെതിരേ രൂക്ഷ വിമര്‍ശനം ഉന്നയിച്ച സുപ്രീംകോടതി, വര്‍ഷാവര്‍ഷം ഡല്‍ഹിക്ക് ഇത്തരത്തില്‍ കടുത്ത അന്തരീക്ഷ മലിനീകരണത്തിലൂടെ കടന്നുപോകാന്‍ സാധിക്കില്ലെന്നും പറഞ്ഞു.

ഡല്‍ഹിയിലെ വായു മലിനീകരണംമൂലം കുട്ടികള്‍ അനുഭവിക്കുന്ന ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളെ സംസ്ഥാനങ്ങള്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകര്‍ക്കുമുന്നില്‍ ജസ്റ്റിസ് എസ്.കെ. കൗള്‍ ചൂണ്ടികാട്ടി. വായു മലിനികരണ പ്രശ്‌നം രാഷ്ട്രീയ ചര്‍ച്ചയാക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.

20-50 ദിവസങ്ങള്‍ മാത്രമേ വൈക്കോല്‍ കത്തിക്കാറുള്ളുവെന്ന് പഞ്ചാബ് എ.ജി. കോടതിയെ അറിയിച്ചു. ഇതാണോ വെക്കോല്‍ കത്തിക്കേണ്ട സമയമെന്നും വിഷയത്തിന്റെ ഗൗരവം മനസിലാകുന്നില്ലേയെന്നും കോടതി വിമര്‍ശിച്ചു.

നിങ്ങള്‍ എന്തുചെയ്യുന്നുവെന്ന് അറിയേണ്ട, ബലം പ്രയോഗിച്ചോ അല്ലാതെയോ എങ്ങനെയാണെങ്കിലും ഇത് നിര്‍ത്തിയേ മതിയാവൂ എന്നും കോടതി വ്യക്തമാക്കി. രാജ്യതലസ്ഥാനത്തേക്ക് പ്രവേശിക്കുന്ന വാഹനങ്ങള്‍ നിയന്ത്രിക്കുന്നതിന് ഡല്‍ഹി സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെക്കുറിച്ചും കോടതി ചോദിച്ചു.

ഡല്‍ഹിയില്‍ സ്ഥാപിച്ചിരിക്കുന്ന സ്‌മോഗ് ടവര്‍ പ്രവര്‍ത്തനരഹിതമാണെന്ന് അമിക്കസ് ക്യൂരി അപരാജിത സിങ് കോടതിയെ അറിയിച്ചു. വിഷയത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച കോടതി, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി. തുറന്ന സ്ഥലത്ത് ഖരമാലിന്യം കത്തിക്കുന്നില്ലെന്ന് ഉറപ്പാക്കാനും കോടതി നിര്‍ദേശം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *