വീണ്ടും ആശങ്ക; വന്ദേ ഭാരത് യാത്ര ചെയ്ത ദമ്പതികൾക്ക് കറിയിൽ നിന്ന് കിട്ടിയത് ചത്ത പാറ്റ; പ്രതികരച്ച് ഇന്ത്യൻ റെയിൽവേ

വന്ദേ ഭാരത് എക്‌സ്പ്രസിൽ നല്‍കിയ ഭക്ഷണത്തില്‍ പാറ്റയെ കണ്ടെത്തി. സംഭവത്തില്‍  ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി) ഖേദം രേഖപ്പെടുത്തി. വന്ദേ ഭാരത് എക്‌സ്പ്രസിൽ ഭോപ്പാലിൽ നിന്ന് ആഗ്രയിലേക്കുള്ള യാത്രയ്ക്കിടെയാണ് ദമ്പതികൾക്ക് ഭക്ഷണത്തില്‍ നിന്ന് പാറ്റയെ കിട്ടിയത്. 

തന്‍റെ  അമ്മാവനും അമ്മായിക്കും വന്ദേ ഭാരത് എക്‌സ്‌പ്രസിൽ യാത്ര ചെയ്യവേ ലഭിച്ച ഭക്ഷണത്തില്‍ നിന്ന് പാറ്റയെ കിട്ടിയെന്ന് വിദിത് വർഷ്‌ണി എന്നയാളാണ് ചിത്രം സഹിതം എക്സില്‍ പോസ്റ്റിട്ടത്. ഈ വിഷയത്തില്‍ കർശനമായ നടപടിയെടുക്കണണെന്നും ആവർത്തിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. വിദിത് പോസ്റ്റ് പങ്കിട്ട് രണ്ട് ദിവസത്തിന് ശേഷമാണ് ഐആര്‍സിടിസി ഖേദം പ്രകടിപ്പിച്ചത്. 

അനുയോജ്യമായ പിഴ ചുമത്തിയിട്ടുണ്ടെന്നും ഐആര്‍സിടിസി അധികൃതര്‍ വ്യക്തമാക്കി. യാത്രക്കാർക്ക് വേണ്ടിയുള്ള ഔദ്യോഗിക അക്കൗണ്ടായ റെയിൽവേ സേവയും വിദിത്തിന്‍റെ പരാതിയോട് പ്രതികരിച്ചു. ഈ സംഭവം റെയിൽവേയിൽ വിളമ്പുന്ന ഭക്ഷണത്തിന്‍റെ സുരക്ഷാ മാനദണ്ഡങ്ങൾ സംബന്ധിച്ച് വീണ്ടും ആശങ്ക ഉയർത്തിയിട്ടുണ്ട്. 

ഫെബ്രുവരിയിൽ, രേവ വന്ദേ ഭാരത് എക്‌സ്പ്രസിലും ഭക്ഷണത്തില്‍ ചത്ത പാറ്റയെ കണ്ടെത്തിയിരുന്നു. ജനുവരിയിൽ ദില്ലിയില്‍ നിന്ന് വാരണാസിയിലേക്കുള്ള വന്ദേ ഭാരത് എക്‌സ്പ്രസില്‍ ഒരു യാത്രക്കാരൻ തനിക്കും മറ്റുള്ളവർക്കും പഴകിയ ഭക്ഷണം വിളമ്പിയതായി ആരോപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *