വിമാനത്തിന് ബോംബ് ഭീഷണി ; മുംബൈയിലേക്കുള്ള വിമാനം അഹമ്മദാബാദ് വിമാനത്താവളത്തിൽ ഇറക്കി

വിമാനത്തിന് വീണ്ടും ബോംബ് ഭീഷണി. ഡല്‍ഹിയില്‍ നിന്നും മുംബൈയിലേക്ക് വരുന്ന ആകാശ എയറിന്റെ വിമാനത്തിലാണ് ബോംബ് ഭീഷണി സന്ദേശം എത്തിയത്. വിമാനം അഹമ്മദാബാദ് വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി.

സുരക്ഷ ഉദ്യോഗസ്ഥരും ഡോഗ് സ്‌ക്വാഡും വിമാനം പരിശോധിച്ചെങ്കിലും സംശയകരമായ ഒന്നും കണ്ടെത്താനായില്ല. 186 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഭീഷണികള്‍ കാരണം വിവിധ എയർലൈനുകളുടെ വിമാനങ്ങൾ കഴിഞ്ഞ മൂന്ന് ദിവസമായി അടിയന്തര ലാൻഡിംഗ് നടത്തിയിരുന്നു.

പാരീസിൽ നിന്ന് പുറപ്പെട്ട വിസ്താര വിമാനത്തിനായിരുന്നു ഞായറാഴ്ച ബോംബ് ഭീഷണി ഉയര്‍ന്നത്. 294 യാത്രക്കാരും 12 ജീവനക്കാരും അടങ്ങുന്ന വിമാനത്തിനുള്ളിൽ നിന്ന്, ബോംബ് സന്ദേശം അടങ്ങിയ കുറിപ്പ് കണ്ടെത്തുകയായിരുന്നു.

ജീവനക്കാരാണ് കുറിപ്പ് കണ്ടെത്തുന്നത്. യാത്രയ്ക്കിടെ ഛര്‍ദ്ദി ഉണ്ടായാല്‍ ഉപയോഗിക്കാനായി വെച്ചിരുന്ന പേപ്പര്‍ബാഗിന് മുകളിൽ എഴുതിയ നിലയിലാണ് ബോംബ് ഭീഷണി കാണപ്പെട്ടത്. പിന്നാലെ വിവരം മുംബൈ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളം അധികൃതരെ അറിയിക്കുകയയിരുന്നു. വിമാനം അടിയന്തിരമായി ലാൻഡ് ചെയ്യുന്നതിന് മുന്നോടിയായി വിമാനത്താവളത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. എന്നാൽ പരിശോധനയിൽ സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല.

ഇൻഡിഗോ വിമാനത്തിലും ബോംബ് ഭീഷണി ഉയർന്നിരുന്നു. വാരണാസിയിൽ നിന്നും ഡൽഹിയിലേക്ക് പുറപ്പെട്ട വിമാനത്തിലാണ് ബോംബ് വെച്ചിട്ടുണ്ടെന്ന ഭീഷണി സന്ദശം ലഭിച്ചത്. വ്യാപകമായി പരിശോധിച്ചെങ്കിലും വ്യാജമാണെന്ന് തെളിഞ്ഞു. ഇതെല്ലാം ഒരാഴ്ചക്കുള്ളിലാണ് സംഭവിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *