വായു മലിനീകരണം; ഡല്‍ഹിയില്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം, കൂടുതല്‍ നിയന്ത്രണങ്ങള്‍ വന്നേക്കും

തുടര്‍ച്ചയായ നാലാം ദിവസം ഡല്‍ഹിനഗരത്തിന്റെ വിവിധയിടങ്ങളില്‍ വായുഗുണനിലവാര സൂചിക 400-ന് മുകളില്‍ തുടരുകയാണ്. വാസിര്‍പുരില്‍ 482 ന് മുകളിലാണ്. രോഹിണി(478), ബാവന(478), ജഹാംഗീര്‍പുരി(475) തുടങ്ങിയ സ്ഥലങ്ങളിലാണ് മലിനീകരണം അതീരൂക്ഷാവസ്ഥയില്‍ നിലനില്‍ക്കുന്നത്. മലിനീകരണം അതിരൂക്ഷാവസ്ഥയിലെത്തിയിട്ട് നാലുദിവസത്തോളമായി. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് നേരിയ കുറവ് തിങ്കളാഴ്ച അനുഭവപ്പെട്ടിട്ടുണ്ട്. ഞായറാഴ്ച ഓഫീസുകളുള്‍പ്പടെ അവധിയായതിനാലും വാഹനങ്ങളുടെ തിരക്ക് കുറഞ്ഞതും വായുഗുണനിലവാരത്തോത് അല്‍പം മെച്ചപ്പെട്ട നിലയില്‍ എത്തിയിട്ടുണ്ടെങ്കിലും ആശ്വാസത്തിന് വകയായിട്ടില്ല.

മലിനീകരണം ചെറുക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നേക്കും. നവംബര്‍ 10 വരെ പ്രൈമറി സ്‌കൂളുകള്‍ അടച്ചിടാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ട്. ആറു മുതല്‍ 12 വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ആവശ്യമെങ്കില്‍ റെഗുലര്‍ ക്ലാസുകള്‍ക്ക് പകരം ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്താം. തീരുമാനം സ്‌കൂളുകള്‍ക്ക് എടുക്കാം. നഗരത്തില്‍ ട്രക്കുകള്‍ ഉള്‍പ്പടെയുള്ള വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും.

സര്‍ക്കാര്‍ ഓഫീസുകളിലെയും സ്വകാര്യ സ്ഥാപനങ്ങളിലെയും 50 ശതമാനം ജീവനക്കാര്‍ വര്‍ക്ക് ഫ്രം ഹോമില്‍ പ്രവേശിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടുണ്ട്. വരും ദിവസങ്ങളില്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടിച്ചിടാനും സാധ്യതയുണ്ട്. മാസ്‌ക് ഉപയോഗിക്കണമെന്ന് ഡോക്ടര്‍മാരുടെ പൊതുനിര്‍ദ്ദേശവമുണ്ട്.

ഡല്‍ഹിയുടെ സമീപ പ്രദേശങ്ങളായ ഉത്തര്‍പ്രദേശ്, ഹരിയാണ, രാജസ്ഥാന്‍ എന്നിവിടങ്ങളിലും വായുമലിനീകരണം രൂക്ഷമാണ്. ദീപാവലിയോടെ വായുഗുണനിലവാരം ഇനിയും താഴേക്ക് പോയേക്കും എന്ന ആശങ്കയുണ്ട്. പടക്കം പൊട്ടിക്കുന്നത് വിലക്കിയിട്ടുണ്ടെങ്കിലും വിലക്ക് ലംഘിച്ച് ആളുകള്‍ പടക്കം പൊട്ടിക്കുന്നത് പ്രതിസന്ധി വര്‍ദ്ധിപ്പിച്ചേക്കും. 

Leave a Reply

Your email address will not be published. Required fields are marked *