ലോൺ ആപ്പ് ഏജന്റുമാർ മകനെ ബ്ളാക്ക് മെയിൽ ചെയ്തു; വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ പിതാവ്

വായ്പ തിരിച്ചടയ്ക്കാത്തതിനെ തുടർന്ന്, ചൈനീസ് വായ്പാ ആപ്പിന്റെ ഏജന്റുമാർ തന്റെ മകനെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി ആത്മഹത്യ ചെയ്ത മലയാളി എൻജിനീയറിങ് വിദ്യാർഥി തേജസിന്റെ പിതാവ്. മകന്റെ നഗ്‌ന ചിത്രങ്ങൾ കുടുംബാംഗങ്ങൾക്ക് അയച്ചു. പണം തിരികെ നൽകാമെന്ന് ഏജന്റുമാർക്ക് ഉറപ്പു നൽകിയിരുന്നതായും തേജസിന്റെ പിതാവ് ഗോപിനാഥ് നായർ പറഞ്ഞു. 

‘നഗ്‌നചിത്രങ്ങൾ മോർഫ് ചെയ്ത് കുടുംബാംഗങ്ങൾക്ക് അയയ്ക്കുമെന്നു പറഞ്ഞ് അവർ എന്റെ മകനെ ഭീഷണിപ്പെടുത്തി. ചില ചിത്രങ്ങൾ അവർ കുടുംബാംഗങ്ങൾക്ക് അയച്ചു. പണം തിരികെ നൽകാമെന്ന് ഞാൻ അവരോടു പറഞ്ഞിരുന്നു. പക്ഷേ,  അവർ ചൊവ്വാഴ്ച വൈകിട്ട് 6.20 വരെ അവനെ വിളിച്ചു ഭീഷണി തുടർന്നു. ഇതാണ് അവനെ ആത്മഹത്യയിലേക്കു നയിച്ചത്. ഞങ്ങൾക്കു ഞങ്ങളുടെ മകനെ നഷ്ടമായി.’ ഗോപിനാഥ് നായർ പറഞ്ഞു.

ചൈനീസ് വായ്പാ ആപ്പായ ‘സ്ലൈസ് ആന്റ് കിസി’ൽ നിന്ന് തേജസ് ലോണെടുത്തിരുന്നു. എന്നാൽ വായ്പാതുക തിരിച്ചടയ്ക്കാൻ തേജസിനു സാധിച്ചില്ല. ”അമ്മേ, അച്ഛാ മാപ്പ്. ഇതല്ലാതെ എനിക്കു വേറെ വഴിയില്ല. എന്റെ പേരിൽ എടുത്ത മറ്റു വായ്പകളും തിരിച്ചടയ്ക്കാൻ എനിക്കു സാധിച്ചില്ല. ഇതാണെന്റെ അന്തിമ തീരുമാനം. ഗുഡ്‌ബൈ.”- എന്നായിരുന്നു തേജസ് ആത്മഹത്യാ കുറിപ്പിൽ കുറിച്ചത്.  ബെംഗളൂരു ജാലഹള്ളിയിലെ വീട്ടിൽ ചൊവ്വാഴ്ച വൈകിട്ടാണ് എൻജിനീയറിങ് വിദ്യാർഥിയായ തേജസിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 

Leave a Reply

Your email address will not be published. Required fields are marked *