ലോക്സഭാ തെരഞ്ഞെടുപ്പ് ; രാഹുൽ ഗാന്ധി വയനാട് സീറ്റ് ഉപേക്ഷിക്കുമോ? തെലങ്കാനയിലേക്കെന്ന് സൂചന, സസ്പെൻസ് തുടരുന്നു

വയനാട്ടില്‍ വീണ്ടും മത്സരിക്കുന്നതില്‍ രാഹുല്‍ ഗാന്ധിയുടെ പ്രതികരണം കാത്ത് എഐസിസിസി. വയനാട് ഒഴിഞ്ഞേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ രാഹുലിനായി തെലങ്കാന പിസിസി നല്‍ഗൊണ്ട മണ്ഡലം നിര്‍ദ്ദേശിച്ചു. രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നതിലെ അതൃപ്തി സിപിഐഎം ആവര്‍ത്തിച്ചു. സുരക്ഷിത മണ്ഡലമായ വയനാട് രാഹുല്‍ ഗാന്ധി ഉപേക്ഷിക്കുമോയെന്ന അഭ്യൂഹമാണ് സജീവമാകുന്നത്. ദേശീയ തലത്തില്‍ രാഹുലിന്‍റെ സ്ഥാനാര്‍ത്ഥിത്വം സജീവ ചര്‍ച്ചയായിരിക്കെയാണ് രാഹുല്‍ ഗാന്ധി വയനാട്ടിലേക്കില്ലെന്ന തരത്തിലുള്ള പ്രചരണവും ശക്തമാകുന്നത്. ന്യൂനപക്ഷങ്ങള്‍ ഭൂരിപക്ഷമാകുന്ന സുരക്ഷിത മണ്ഡലത്തില്‍ രാഹുല്‍ വീണ്ടും ചേക്കേറുന്നുവെന്ന വിമര്‍ശനം ഉത്തരേന്ത്യയില്‍ ബിജെപി സജീവമാക്കുന്നുണ്ട്.

അമേഠിയില്‍ മത്സരിക്കാനും രാഹുല്‍ ഗാന്ധിയെ ബിജെപി വെല്ലുവിളിക്കുന്നുണ്ട്. ഇന്ത്യ സഖ്യത്തിലെ കക്ഷിയായ സിപിഐ മത്സരത്തിനെത്തുമ്പോള്‍ സഖ്യത്തിന്‍റെ നായകരിലൊരാളായ രാഹുല്‍ അവര്‍ക്കെതിരെ മത്സരിക്കാനൊരുങ്ങുന്നതും വിമര്‍ശന വിധേയമാകുന്നുണ്ട്. രാഹുല്‍ മത്സരിക്കുന്നതിനോട് സിപിഐക്ക് താല്‍പര്യമില്ല. പോരാട്ടം ബിജെപിക്കെതിരെയാണെന്ന് പറഞ്ഞിട്ട് കേരളത്തിലെത്തി രാഹുല്‍ ഇടത് പക്ഷത്തിനെതിരെ മത്സരിക്കുന്നത് എന്ത് സന്ദേശമാകും നല്‍കുകയെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് ചോദിച്ചു. വയനാട്ടില്‍ സിപിഐ സ്ഥാനാര്‍ത്ഥിയായി ആനി രാജയാണ് മത്സര രംഗത്തുള്ളത്.

ഇതിനിടെ, വയനാട് അല്ലെങ്കില്‍ കര്‍ണാടകയിലേക്കോ തെലങ്കാനയിലേക്കോ രാഹുല്‍ നീങ്ങിയേക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു. നല്‍ഗൊണ്ട മണ്ഡലം സുരക്ഷിതമാണെന്ന നിര്‍ദ്ദേശം തെലങ്കാന പിസിസി മുന്‍പോട്ട് വച്ചു. സുരക്ഷിത മണ്ഡലങ്ങളുടെ വിവരം കര്‍ണ്ണാടക പിസിസിയും കൈമാറിയിട്ടുണ്ട്. രാഹുല്‍ വയനാട്ടില്‍ നിന്ന് പോയാല്‍ കെ സി വേണുഗോപാല്‍ വയനാട്ടില്‍ മത്സരിക്കണമെന്ന നിര്‍ദ്ദേശവും ഉയരുന്നുണ്ട്. അങ്ങനെയെങ്കില്‍ ആലപ്പുഴയില്‍ മുസ്ലീം പ്രാതിനിധ്യം ഉറപ്പാക്കാനാവും. 

Leave a Reply

Your email address will not be published. Required fields are marked *