ലോക്സഭാ തെരഞ്ഞെടുപ്പിലെ മോശം പ്രകടനം ; രാജസ്ഥാനിലെ ബിജെപി നേതാവ് കിരോഡി ലാൽ മീണ മന്ത്രി സ്ഥാനം രാജിവച്ചു

തെരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ മോശം പ്രകടനത്തിന് പിന്നാലെ രാജസ്ഥാന്‍ ബി.ജെ.പി നേതാവ് കിരോഡി ലാല്‍ മീണ മന്ത്രിസ്ഥാനം രാജിവച്ചു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ തന്‍റെ ചുമതലയിലുണ്ടായിരുന്ന മണ്ഡലങ്ങളില്‍ ബി.ജെ.പി മോശം പ്രകടനം കാഴ്ച വച്ചതിനു പിന്നാലെയാണ് രാജി. ജയ്പൂരില്‍ നടന്ന ഒരു പൊതുപ്രാര്‍ഥനാ യോഗത്തിനിടയിലായിരുന്നു മന്ത്രിയുടെ രാജിപ്രഖ്യാപനം.

കൃഷിയും ഗ്രാമവികസനവും ഉൾപ്പെടെ ഒന്നിലധികം വകുപ്പുകൾ വഹിച്ചിട്ടുള്ള മീണ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് മുമ്പ്, കിഴക്കൻ രാജസ്ഥാനിൽ പ്രധാനമന്ത്രി നിയോഗിച്ച ഏഴ് സീറ്റുകളിൽ ഏതെങ്കിലും ഒന്ന് ബി.ജെ.പിക്ക് നഷ്ടപ്പെട്ടാൽ താൻ രാജിവെക്കുമെന്ന് പറഞ്ഞിരുന്നു. “പ്രധാനമന്ത്രി എന്നോട് സംസാരിച്ചു ഏഴ് സീറ്റുകളുടെ ഒരു ലിസ്റ്റ് തന്നു. ഞാൻ കഠിനാധ്വാനം ചെയ്തു. ആ ഏഴിൽ ഒരു സീറ്റെങ്കിലും പാർട്ടിക്ക് നഷ്ടമായാൽ ഞാൻ മന്ത്രി സ്ഥാനം ഉപേക്ഷിക്കും” എന്നാണ് മീണ പറഞ്ഞത്.

കിഴക്കൻ രാജസ്ഥാനിലെ ദൗസ, ഭരത്പൂർ, ധോൽപൂർ, കരൗലി, അൽവാർ, ടോങ്ക്-സവായ്മാധോപൂർ, കോട്ട-ബുണ്ടി തുടങ്ങിയ സീറ്റുകളിലാണ് കിരോഡി ലാല്‍ പ്രചാരണം നടത്തിയത്. അതേസമയം 2009ന് ശേഷം കോണ്‍ഗ്രസ് മികച്ച പ്രകടനമായിരുന്നു രാജസ്ഥാനില്‍ കാഴ്ച വച്ചത്. 25 സീറ്റില്‍ എട്ട് സീറ്റാണ് കോണ്‍ഗ്രസ് നേടിയത്. ബി.ജെ.പിയുടെ കുത്തക മണ്ഡലങ്ങളില്‍ പോലും കോണ്‍ഗ്രസ് ആധിപത്യം പുലര്‍ത്തി. കഴിഞ്ഞ രണ്ട് ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും രാജസ്ഥാനിൽ കോൺഗ്രസിന് ഒരു സീറ്റ് പോലും ലഭിച്ചിരുന്നില്ല. 2019ലെ പൊതുതെരഞ്ഞെടുപ്പിൽ 25 സീറ്റുകളിലും ബി.ജെ.പി നേതൃത്വത്തിലുള്ള എൻഡിഎ 2014ൽ ബി.ജെ.പി എല്ലാ സീറ്റുകളിലും വിജയിക്കുകയും ചെയ്തിരുന്നു.

”എന്‍റെ ദേഷ്യത്തിന് പ്രത്യേകിച്ച് കാരണമൊന്നുമില്ല, രാജി വച്ചു.അടുത്തിടെ നടന്ന മന്ത്രിസഭാ യോഗത്തിന് ഞാൻ പോയില്ല … എനിക്ക് ധാർമ്മികമായി പോകാൻ കഴിഞ്ഞില്ല.” മീണ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *