‘ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മോദിക്കെതിരെ വാരാണസിയിൽ മത്സരിക്കും’; ഹാസ്യനടൻ ശ്യാം രംഗീല

ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മത്സരിക്കുമെന്ന് പ്രമുഖ ഹാസ്യനടൻ ശ്യാം രംഗീല. മോദിക്കെതിരെ വാരാണസിയിൽ നിന്ന് മത്സരിക്കുമെന്നാണ് ശ്യാം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. മോദിയുടെ അനുകരണത്തിലൂടെ പ്രശസ്തനായ വ്യക്തിയാണ് ശ്യാം രംഗീല. ‘വാരാണസിയിൽ നിന്ന് മത്സരിക്കുന്ന വിവരം പ്രഖ്യാപിച്ചതിന് പിന്നാലെ നിങ്ങൾ തരുന്ന സ്നേഹം, അതെന്നെ ആവേശഭരിതനാക്കുകയാണ്. നോമിനേഷനെപ്പറ്റിയും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെക്കുറിച്ചും ഒരു വീഡിയോയിലൂടെ ഉടൻതന്നെ പോസ്റ്റ് ചെയ്യുന്നതായിരിക്കും.’ വാരാണസിയിൽ എത്തിയശേഷം ശ്യാം എക്സിൽ കുറിച്ചു.

ഇതിന് മുമ്പും ശ്യാം സമൂഹമാധ്യമങ്ങളിൽ ഒരു പോസ്റ്റിട്ടിരുന്നു. ‘ഞാൻ വാരാണസിയിൽ നിന്ന് മത്സരിക്കും. കാരണം ആരൊക്കെയാണ് നാമനിർദേശ പത്രിക പിൻവലിക്കാൻ പോകുന്നത് എന്ന് ആർക്കും അറിയില്ലല്ലോ’ എന്നാണ് അന്ന് അദ്ദേഹം പറഞ്ഞത്.

‘2014ൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അനുയായി ആയിരുന്നു ഞാൻ. മോദിയെ പിന്തുണച്ച് നിരവധി വീഡിയോകൾ ഷെയർ ചെയ്തിട്ടുണ്ട്. രാഹുൽ ഗാന്ധിക്കും അരവിന്ദ് കേജ്രിവാളിനും എതിരെയുള്ള വീഡിയോകളും ഷെയർ ചെയ്തിട്ടുണ്ട്. അടുത്ത 70 വർഷം ബിജെപിക്ക് മാത്രമേ വോട്ട് ചെയ്യൂ എന്ന് പറയുകയും ചെയ്തിട്ടുണ്ട്. എന്നാൽ, കഴിഞ്ഞ 10 വർഷം കൊണ്ട് സ്ഥിതി മാറി. ഈ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഞാൻ പ്രധാനമന്ത്രിക്കെതിരെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും. ഉടൻ തന്നെ നാമനിർദേശ പത്രിക സമർപ്പിക്കും’, ശ്യാം രംഗീല മാധ്യമങ്ങളോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *