ലോകത്തിലെ ഏറ്റവും മലിനമായ തലസ്ഥാനമായി ഡല്‍ഹി; മലിനീകരണത്തില്‍ ഇന്ത്യ അഞ്ചാമത്

തുടർച്ചയായ ആറാം വർഷവും ലോകത്തിലെ ഏറ്റവും മലിനമായ തലസ്ഥാനമെന്ന ‘സ്ഥാനം’ ഡല്‍ഹി നിലനിർത്തി. 2024ലെ വേള്‍ഡ് എയർ ക്വാളിറ്റി റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.

ഇതനുസരിച്ച്‌, ലോകത്തിലെ ഏറ്റവും മലിനമായ 20 നഗരങ്ങളില്‍ 13 എണ്ണം ഇന്ത്യയിലാണ്. അസം-മേഘാലയ അതിർത്തിയിലുള്ള ബൈർണിഹത്താണ് ഒന്നാംസ്ഥാനത്ത്. ഫരീദാബാദ്, ലോണി (ഗാസിയാബാദ്), ഗുഡ്ഗാവ്, ഗ്രേറ്റർ നോയിഡ, ഭിവാഡി, നോയിഡ, മുസാഫർനഗർ, മധ്യ ഡല്‍ഹി, ഡല്‍ഹി തുടങ്ങിയവയാണ് മറ്റ് നഗരങ്ങള്‍.ലോകത്തിലെ ഏറ്റവും മലിനമായ അഞ്ചാമത്തെ രാജ്യമാണ് ഇന്ത്യ. രാജ്യത്തെ ശരാശരി വായു ഗുണനിലവാര സൂചിക ലോകാരോഗ്യ സംഘടനയുടെ വാർഷിക മാനദണ്ഡത്തേക്കാള്‍ 10 മടങ്ങ് കൂടുതലാണ്. 2023ല്‍, ഏറ്റവും മലിനമായ മൂന്നാമത്തെ രാജ്യമായിരുന്നു ഇന്ത്യ. ‘ഇന്ത്യയില്‍ വായു മലിനീകരണം ഒരു പ്രധാന ആരോഗ്യ ബാധ്യതയായി തുടരുന്നു. ഇത് 5.2 വർഷത്തോളം ആയുർദൈർഘ്യം കുറക്കുന്നു’ എന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.138 രാജ്യങ്ങളിലെയും 8,954 സ്ഥലങ്ങളിലെയും 40,000ത്തിലധികം വായു ഗുണനിലവാര നിരീക്ഷണ കേന്ദ്രങ്ങളില്‍ നിന്നുള്ള ഡാറ്റയെ ആശ്രയിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *