രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യം;  ഏപ്രില്‍ 5ന് യുഡിഎഫ് രാജ്ഭവന്‍ സത്യഗ്രഹം

രാഹുല്‍ ഗാന്ധിയുടെ  ലോകസഭാംഗത്വത്തിന്  അയോഗ്യത കല്‍പ്പിച്ച ജനാധിപത്യ ധ്വംസനത്തിനും  പൊതുസമ്പത്ത് അദാനിക്ക് കൊള്ളയടിക്കാന്‍ വിട്ടുകൊടുക്കുന്ന ബിജെപി സര്‍ക്കാരിന്‍റെ  അഴിമതിയിലും പ്രതിഷേധിച്ചും ഫാസിസ്റ്റ് വിരുദ്ധപോരാട്ടം നടത്തുന്ന രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും  യുഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ എംഎല്‍എമാരും നേതാക്കളും ഏപ്രില്‍ 5 ന് രാജ്ഭവന് മുന്നില്‍  പ്രതിഷേധ സത്യഗ്രഹം നടത്തുമെന്നും എംഎം ഹസ്സന്‍ അറിയിച്ചു.

പ്രതിഷേധ സത്യഗ്രഹം രാജ്ഭവന് മുന്നില്‍ രാവിലെ 10 ന് എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി,യുഡിഎഫ് നേതാക്കളായ പി.കെ.കുഞ്ഞാലികുട്ടി,പി.ജെ.ജോസഫ്, ഷിബു ബേബി ജോണ്‍, അനൂപ് ജേക്കബ്, മാണി സി കാപ്പന്‍,ജി.ദേവരാജന്‍, സി.പി.ജോണ്‍,എം.കെ.മുനീര്‍,പിഎംഎ സലാം,ജോണ്‍ ജോണ്‍,രാജന്‍ബാബു തുടങ്ങിയവര്‍ പങ്കെടുക്കും.

രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് തിടുക്കത്തില്‍ അയോഗ്യനാക്കിയത് രാഷ്ട്രീയപ്രേരിതമായ നടപടിയാണെന്ന് എംഎം ഹസ്സന്‍ പറഞ്ഞു. ഇതിന് പിന്നില്‍ കൃത്യമായ ഗൂഢാലോചനയുണ്ട്.ഒരു കോടതി വിധിയും അന്തിമല്ല. ജനാധിപത്യത്തില്‍ യജമാനന്‍ ജനങ്ങളാണ്. അവരുടെ ഹൃദയത്തിലാണ് രാഹുല്‍ ഗാന്ധിക്ക് സ്ഥാനം.

അദാനി നടത്തിയ സാമ്പത്തിക ക്രമക്കേടുകള്‍ ചോദ്യം ചെയ്തതും മോദിയും അദാനിയും തമ്മിലുള്ള ബന്ധം പൊതുസമൂഹത്തിന് മുന്നില്‍ അനാവരണം ചെയ്തതുമാണ് രാഹുല്‍ ഗാന്ധി ചെയ്ത തെറ്റ്. രാഹുല്‍ ഗാന്ധി ഉന്നയിച്ച ചോദ്യങ്ങള്‍ രാജ്യത്ത് പ്രതിധ്വനിക്കുകയാണ്. അതിന് മറുപടിപറായാതെ മോദിയും ഭരണകൂടവും രാഹുല്‍ വേട്ടയില്‍ വ്യാപൃതരായിരിക്കുകയാണ്. കാലം അതിന് ബാലറ്റിലൂടെ തന്നെ കണക്ക് തീര്‍ക്കുമെന്നും ഹസ്സന്‍ പറഞ്ഞു..

Leave a Reply

Your email address will not be published. Required fields are marked *