രാഹുലിനെതിരായ നടപടിയുടെ വേഗം ഞെട്ടിക്കുന്നതെന്ന് തരൂർ; പ്രതിഷേധവുമായി നേതാക്കള്‍

അപകീര്‍ത്തി പ്രസംഗത്തിന്റെ പേരില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് രാഹുല്‍ ഗാന്ധിയെ എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ നടപടിക്കെതിരെ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി നേതാക്കള്‍. അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് ബി.ജെ.പിയുടേതെന്ന് പ്രിയങ്കാ ഗാന്ധി ആരോപിച്ചു. ചോദ്യം ചോദിക്കുന്നവരെ ശിക്ഷിക്കുന്നുവെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

നടപടിയുടെ വേഗം ഞെട്ടിപ്പിക്കുന്നതാണെന്ന് ശശി തരൂര്‍ ആരോപിച്ചു. ഇത്തരം നടപടികള്‍ ജനാധിപത്യത്തെ തകര്‍ക്കുന്നുവെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. സത്യം പറയുന്നവരെ കേന്ദ്രം അധികാരം ഉപയാഗിച്ച് തകര്‍ക്കുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ഭയപ്പെടുത്താനോ നിശബ്ദരാക്കാനോ കഴിയില്ലെന്ന് ജയറാം രമേശും പ്രതികരിച്ചു.

രാഹുലിന് പിന്തുണയുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി രംഗത്തെത്തി. മോദിയുടെ ഇന്ത്യയില്‍ പ്രതിപക്ഷം വേട്ടയാടപ്പെടുന്നുവെന്ന് മമത കുറ്റപ്പെടുത്തി. ക്രിമിനല്‍ പശ്ചാത്തലമുള്ള ബി.ജെ.പി നേതാക്കള്‍ മന്ത്രിസഭയില്‍ ഇടംകണ്ടെത്തുമ്പോള്‍ പ്രതിപക്ഷ നേതാക്കള്‍ തങ്ങളുടെ പ്രസംഗത്തിന്റെ പേരില്‍ അയോഗ്യരാക്കപ്പെടുന്നുവെന്നും മമത ചൂണ്ടിക്കാട്ടി.

കുറ്റം മേല്‍ക്കോടതി സ്‌റ്റേ ചെയ്തില്ലെങ്കില്‍ രാഹുലിന് എട്ടു വര്‍ഷം തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല. നടപടിയെത്തുടര്‍ന്ന്‌ രാഹുലിന് ഔദ്യോഗിക വസതിയും നഷ്ടമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *