രാഷ്ട്രീയക്കാർ മതം പറയുന്നത് നിർത്തിയാൽ താൻ രാഷ്ട്രീയം പറയുന്നത് നിർത്താം; സ്വാമി അവിമുക്തേശ്വരാനന്ദ് സരസ്വതി

രാഷ്ട്രീയക്കാർ മതം പറയുന്നത് നിർത്തിയാൽ താൻ രാഷ്ട്രീയം പറയുന്നത് നിർത്താമെന്ന് വ്യക്തമാക്കി ഉത്തരാഖണ്ഡ് ജ്യോതിർമഠത്തിലെ ശങ്കരാചാര്യർ സ്വാമി അവിമുക്തേശ്വരാനന്ദ് സരസ്വതി. രാഷ്ട്രീയക്കാർ മതത്തിൽ ഇടപെടുന്നത് അവസാനിപ്പിക്കണമെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കവെ അദ്ദേഹം വ്യക്തമാക്കി.

”ഞങ്ങൾ മതാചാര്യന്മാരാണ്. രാഷ്ട്രീയ പ്രസ്താവനകൾ നടത്തേണ്ടവരല്ല. എന്നാൽ, രാഷ്ട്രീയക്കാർ മതത്തിൽ ഇടപെടരുത്. ഇപ്പോൾ രാഷ്ട്രീയക്കാർ നിരന്തരം മതത്തിൽ ഇടപെട്ടുകൊണ്ടിരിക്കുകയാണ്. ഞാൻ ഉറപ്പുതരുന്നു, രാഷ്ട്രീയക്കാർ മതത്തിൽ ഇടപെടുന്നത് അവസാനിപ്പിച്ചാൽ ഞങ്ങൾ രാഷ്ട്രീയം പറയുന്നതും അവസാനിപ്പിക്കാം” -സ്വാമി അവിമുക്തേശ്വരാനന്ദ് സരസ്വതി പറഞ്ഞു.

കേദാർനാഥ് ക്ഷേത്രത്തിന്‍റെ മാതൃക ഡൽഹിയിൽ നിർമിക്കുന്നതിനെയും സ്വാമി അവിമുക്തേശ്വരാനന്ദ് സരസ്വതി വിമർശിക്കുകയുണ്ടായി. ശിവപുരാണത്തിൽ 12 ജ്യോതിർലിംഗങ്ങളെ കുറിച്ച് പറയുന്നുണ്ട്. ശിവപുരാണം അനുസരിച്ച് ഹിമാലയമാണ് കേദാർനാഥിന്‍റെ വിലാസം. പിന്നെയെങ്ങനെ കേദാർനാഥ് ഡൽഹിയിൽ സ്ഥാപിക്കാനാകുമെന്നും രാഷ്ട്രീയക്കാർ മതകേന്ദ്രങ്ങളിലും ഇടപെട്ടുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *