രാമന് പിന്നാലെ സീതയേയും തിരഞ്ഞെടുപ്പ് വിഷയമാക്കി ബി ജെ പി; മോദിയും ബി ജെ പിയും സീതയ്ക്കു വേണ്ടി ക്ഷേത്രം പണിയുമെന്ന് അമിത് ഷാ

ബിഹാറിലെ സീതാമഢിയില്‍ ബി.ജെ.പി സീതാക്ഷേത്രം നിര്‍മിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സീതാമഢിയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ബി.ജെ.പി വോട്ട് ബാങ്കിനെ ഭയപ്പെടുന്നില്ലെന്നും അമിത് ഷാ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദി അയോധ്യയില്‍ രാമലല്ലയുടെ ക്ഷേത്രം നിര്‍മിച്ചുവെന്നും സീതാദേവിയുടെ ജന്മസ്ഥലത്ത് മഹത്തായൊരു സ്മാരകം നിര്‍മ്മിക്കുകയെന്നതാണ് ഇനി അവശേഷിക്കുന്നതെന്നുമാണ് അമിത് ഷാ പറഞ്ഞത്. രാമക്ഷേത്രത്തില്‍നിന്ന് സ്വയം അകന്നുനിന്നവര്‍ക്ക് അതിന് കഴിയുകയില്ലെന്നും സീതയ്ക്കായി ഒരു ക്ഷേത്രം ആര്‍ക്കെങ്കിലും നിര്‍മിക്കാന്‍ കഴിയുമെങ്കില്‍ അത് മോദിക്കും ബി.ജെ.പിക്കും മാത്രമായിരിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി.

കൂടാതെ ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിനെതിരേ അമിത് ഷാ അതിരൂക്ഷ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തു. അധികാര രാഷ്ട്രീയത്തിനും തന്റെ മകനെ മുഖ്യമന്ത്രിയാക്കാനും വേണ്ടി ലാലു കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നുവെന്നാണ് അമിത്ഷാ പറഞ്ഞത്. ബിഹാറിന് വേണ്ടത് ‘വികാസ് രാജ്’ ആണെന്നും ‘ജംഗിള്‍രാജ്’ അല്ലെന്നും ഷാ കൂട്ടിചേര്‍ത്തു.

ബിഹാറിലെ 40 ലോക്‌സഭാമണ്ഡലങ്ങളിലൊന്നായ സീതാമഢിയില്‍ അഞ്ചാം ഘട്ടത്തില്‍ മെയ് 20 നാണ് വോട്ടെടുപ്പ് നടക്കുന്നത്. ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സഖ്യം 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിഹാറില്‍ 40-ല്‍ 39 സീറ്റുകളും നേടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *