രാജസ്ഥാനിൽ 4 വയസുകാരിയെ പീഡിപ്പിച്ച കേസ്; പൊലീസ് ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു

രാജസ്ഥാനിലെ ദൗസയിൽ നാല് വയസുകാരിയെ പീഡിപ്പിച്ച പൊലീസ് സബ് ഇൻസ്‌പെക്ടറെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ഇയാളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പോക്‌സോ വകുപ്പുകളും പട്ടികജാതി – പട്ടികവർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമം തടയൽ നിയമത്തിലെ വകുപ്പുകളും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ടെന്ന് ശനിയാഴ്ച ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു. കേസിൽ പ്രതിയായ സബ് ഇൻസ്‌പെക്ടർ ഭൂപേന്ദ്ര സിങിനെ പിരിച്ചുവിട്ടുകൊണ്ടുള്ള ടെർമിനേഷൻ ലെറ്റർ ജയ്പൂർ റേഞ്ച് ഐ.ജി ഉമേഷ് ദത്ത നൽകിയതായി ഡിജിപി ഉമേഷ് മിശ്ര പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. വെള്ളിയാഴ്ച പ്രതിയെ കസ്റ്റഡിയിലെടുക്കുകയും സസ്‌പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.

ദൗസയിലെ ലാൽസോട്ട് എന്ന സ്ഥലത്താണ് സംഭവം നടന്നത്. വിവരം പുറത്തു വന്നതിന് പിന്നാലെ പ്രദേശവാസികൾ പൊലീസ് സ്റ്റേഷൻ വളഞ്ഞ് പ്രതിഷേധിച്ചിരുന്നു. ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ നാട്ടുകാർ മർദ്ദിക്കുകയും ചെയ്തു. അതിനിടെ സംഭവത്തെ രാജസ്ഥാനിലെ അശോക് ഗെലോട്ട് സർക്കാറിനെതിരെ ഉപയോഗിക്കാനുള്ള നീക്കത്തിലാണ് ബിജെപിയുള്ളത്. രൂക്ഷമായ വിമർശനമാണ് കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാരിനെതിരെ ബിജെപി ഉയർത്തിയത്.

ലാൽസോട്ട് പ്രദേശത്ത് വലിയ തോതിലുള്ള പൊതുജന പ്രക്ഷോഭമാണ് സംഭവത്തിന് ശേഷം നടന്നുവരുന്നത്. പൊലീസ് സ്റ്റേഷന് മുന്നിൽ തടിച്ചുകൂടിയ ജനങ്ങൾ പൊലീസിനെതിരെ മുദ്രാവാക്യം വിളിച്ചു. കുറ്റാരോപിതനായ ഉദ്യോഗസ്ഥനെ ജനങ്ങൾ റോഡിലേക്ക് വലിച്ചിഴച്ച് കൊണ്ടുവരുന്നതും ഷൂകളും വടികളും കൊണ്ട് മർദിക്കുന്നതും വസ്ത്രങ്ങൾ വലിച്ചു കീറുന്നതും ഇവിടെ നിന്ന് പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളിൽ കാണാം. പീഡനത്തിന് ഇരയായ പെൺകുട്ടിയെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കി. കുട്ടിയുടെ ആരോഗ്യനില ഇപ്പോൾ തൃപ്തികരമാണ്.

Leave a Reply

Your email address will not be published. Required fields are marked *