രാജസ്ഥാനിലും ജാതി സെന്‍സസ് നടത്തുമെന്ന് അശോക് ഗഹ്‌ലോത്ത്

ബിഹാറിലേതിന് സമാനമായി രാജസ്ഥാനിലും ജാതി സെന്‍സസ് നടത്തുമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി അശോക് ഗഹ്‌ലോത്. വെള്ളിയാഴ്ച ജയ്പുരില്‍ പാര്‍ട്ടി യോഗത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കോണ്‍ഗ്രസിന്റെ റായ്പുര്‍ സെഷനില്‍ രാഹുല്‍ ഗാന്ധി, ജാതി സെന്‍സസ് എന്ന ആശയം അവതരിപ്പിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ഇവിടെയും അത് നടപ്പാക്കുമെന്നാണ് ഗഹ്‌ലോത് പറഞ്ഞത്. ജനങ്ങളുടെ പങ്കാളിത്തം, അവരുടെ ജനസംഖ്യാടിസ്ഥാനത്തില്‍ ഉറപ്പാക്കണമെന്ന ആശയത്തെ തങ്ങള്‍ ഉള്‍ക്കൊള്ളുന്നു. ബിഹാറിലേതിന് സമാനമായി ജാതി അടിസ്ഥാനമാക്കിയുള്ള സെന്‍സസ് നടത്താനുള്ള നിര്‍ദേശങ്ങള്‍ സംസ്ഥാനത്തും നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബിഹാറില്‍ നിതീഷ് കുമാര്‍ നേതൃത്വം നല്‍കുന്ന മഹാഗഠ്ബന്ധന്‍ സര്‍ക്കാര്‍ ഒക്ടോബര്‍ രണ്ടാം തീയതിയാണ് ജാതി അടിസ്ഥാനപ്പെടുത്തിയുള്ള സര്‍വേ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ബിഹാര്‍ സര്‍ക്കാരില്‍ കോണ്‍ഗ്രസ് സഖ്യകക്ഷിയാണ്. സാമൂഹിക സുരക്ഷയെ കുറിച്ച് സംസാരിക്കുമ്പോള്‍, അത് നടപ്പാക്കണമെങ്കില്‍ ജാതി അടിസ്ഥാനത്തിലുള്ള അവസ്ഥയെ കുറിച്ച് അറിഞ്ഞേ മതിയാകൂവെന്നും ഗഹ്‌ലോത് വ്യക്തമാക്കി. വിവിധ ജോലികള്‍ ചെയ്യുന്ന വ്യത്യസ്ത ജാതിയില്‍പ്പെട്ടവര്‍ രാജ്യത്ത് ജീവിക്കുന്നുണ്ട്. ഓരോ ജാതിയിലും ഉള്‍പ്പെട്ട എത്രപേര്‍ ഉണ്ടെന്ന് അറിഞ്ഞാല്‍ മാത്രമേ അവര്‍ക്കായി പ്രത്യേകം പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ സാധിക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *