യൂത്ത് കോണ്‍ഗ്രസ് നേതാവ് ഹിമാനിയുടെ കൊലപാതകം: ഒരാൾ അറസ്റ്റിൽ

ഹരിയാനയിൽ കോൺഗ്രസ് പ്രവർത്തക ഹിമാനി നർവാളിന്‍റെ മൃതദേഹം സ്യൂട്ട് കേസിൽ കണ്ടെത്തിയ സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഹിമാനിയുടെ മൊബൈൽ ഫോണും ആഭരണങ്ങളും ഇയാളിൽ നിന്ന് കണ്ടെടുത്തതായി പൊലീസിനെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു.

ബഹാദുർഗഡ് സ്വദേശിയും ഹിമാനി നർവാളിന്‍റെ സുഹൃത്തുമായിരുന്ന യുവാവാണ് അറസ്റ്റിലായതെന്ന് പ്രാഥമിക വിവരം. ഇയാളുടെ മറ്റ് വിശദാംശങ്ങളോ എന്തിനാണ് കൊലപ്പെടുത്തിയതെന്നോ പൊലീസ് പുറത്തുവിട്ടിട്ടില്ല.

റോഹ്തക് ജില്ലയിലെ ബസ് സ്റ്റാൻഡിന് സമീപമാണ് കഴിഞ്ഞ ദിവസം മൃതദേഹം കണ്ടെത്തിയത്. റോഹ്തക് – ദില്ലി ഹൈവേയിലെ സാംപ്ല ബസ് സ്റ്റാൻഡിന് 200 മീറ്റർ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. യൂത്ത് കോൺഗ്രസ്‌ റോഹ്തക് ജില്ലാ വൈസ് പ്രസിഡന്‍റായിരുന്നു ഹിമാനി നർവാൾ. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് നിഗമനം. 

ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധിക്കൊപ്പം ഹിമാനി പങ്കെടുത്തിരുന്നു. ഭൂപീന്ദർ ഹൂഡയുടെയും ദീപീന്ദർ ഹൂഡയുടെയും തെരഞ്ഞെടുപ്പ് പ്രചാരണത്തിലും സജീവ സാന്നിധ്യമായിരുന്നു ഹിമാനി. മകളുടെ കൊലപാതകിയെ പിടികൂടും വരെ മൃതദേഹം സംസ്കരിക്കില്ലെന്ന് അമ്മ സവിത ഇന്നലെ അറിയിച്ചു. ചുരുങ്ങിയ സമയത്തിനുള്ളിലെ ഹിമാനിയുടെ രാഷ്ട്രീയ വളർച്ചയിൽ ചിലർക്ക് അസൂയയുണ്ടായിരുന്നുവെന്ന് അമ്മ പറഞ്ഞു. പാർട്ടിക്കുള്ളിലുള്ളവരോ പുറത്തുള്ളവരോ ആകാം ആകാം മകളെ കൊലപ്പെടുത്തിയതെന്നും അമ്മ പറഞ്ഞു. 

Leave a Reply

Your email address will not be published. Required fields are marked *