മോർച്ചറിയിലെ മൃതദേഹങ്ങളിലെ കണ്ണുകൾ നഷ്ടപ്പെട്ടു; എലി കരണ്ടതെന്ന് അധികൃതർ

ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന 2 മൃതദേഹങ്ങളിലെ കണ്ണുകൾ നഷ്ടപ്പെട്ടതായി പരാതി. മധ്യപ്രദേശിലെ സാഗർ ജില്ലയിലാണ് അസാധാരണ സംഭവം. ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങളിലെ ഓരോ കണ്ണുകളാണ് നഷ്ടപ്പെട്ടത്. ആദ്യ സംഭവം റിപ്പോർട്ട് ചെയ്ത് 15 ദിവസങ്ങൾക്കകമാണ് രണ്ടാമത്തെ കണ്ണ് നഷ്ടമായത്. എലികൾ കരണ്ടതായിരിക്കാമെന്നാണു പ്രാഥമിക നി​ഗമനം.

32 വയസ്സുള്ള മോത്തിലാൽ ഗൗണ്ട് എന്നയാളെ കൃഷി സ്ഥലത്ത് ബോധരഹിതനായതിനെത്തുടർന്ന് ജനുവരി 4ന് ബന്ധുക്കൾ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയിൽവച്ച് മരണം സ്ഥിരീകരിച്ചു. മോർച്ചറിയിലെ ഫ്രീസർ പ്രവർത്തിക്കാത്തതിനെത്തുടർന്ന് വേണ്ടത്ര ശ്രദ്ധിക്കാതെ മേശപ്പുറത്താണ് മൃതദേഹം സൂക്ഷിച്ചത്. പിറ്റേന്ന് ‍‍ഡോക്ടർ പോസ്റ്റ്‌മോർട്ടത്തിന് എത്തിയപ്പോഴാണ് മൃതദേഹത്തിന്റെ ഒരു കണ്ണ് നഷ്ടപ്പെട്ടെന്നു മനസ്സിലായത്.

25 വയസ്സുള്ള രമേഷ് അഹിവാർ എന്ന യുവാവിനെ ജനുവരി 16നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 15ന് ഇയാൾ ആരോടും പറയാതെ എങ്ങോട്ടോ പോയെന്നും പിറ്റേന്നു പരുക്കുപറ്റിയ നിലയിൽ കണ്ടെത്തുകയായിരുന്നു എന്നുമാണ് ബന്ധുക്കൾ ആശുപത്രി അധികൃതരെ ധരിപ്പിച്ചത്. വെന്റിലേറ്ററിൽ ചികിത്സയിലായിരുന്ന ഇയാൾ പിറ്റേദിവസം മരണത്തിനു കീഴടങ്ങി. ദുരൂഹ സാഹചര്യത്തിൽ പരുക്കു പറ്റിയതായതിനാൽ ആശുപത്രി അധികൃതർ പൊലീസിനെ വിവരം അറിയിച്ചു. ജനുവരി 19ന് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഫ്രീസറിൽനിന്നു പുറത്തെടുത്തപ്പോഴാണ് ഒരു കണ്ണ് നഷ്ടപ്പെട്ടതായി കണ്ടെത്തിയത്.

പ്രശ്നമില്ലാത്ത ഫ്രീസറിലാണ് മൃതദേഹം സൂക്ഷിച്ചിരുന്നതെന്നു മെഡിക്കൽ ഓഫിസർ ‍ഡോ. അഭിഷേക് താക്കൂർ പറഞ്ഞു. രണ്ടു സംഭവങ്ങളിലും  കണ്ണുകൾ എലികൾ കരണ്ടതായിരിക്കാമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. മോർച്ചറിയിലെ സിസിടിവി ക്യാമറകൾ പരിശോധിച്ചു വരികയാണെന്നും വിശദമായ അന്വേഷണത്തിനുശേഷമേ മറ്റു നടപടികളിലേക്ക് കടക്കൂ എന്നും പൊലീസ് വ്യക്തമാക്കി. 4 മെഡിക്കൽ ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടിസ് നൽകിയിട്ടുണ്ടെന്നും 48 മണിക്കൂറിൽ മറുപടി ആവശ്യപ്പെട്ടിട്ടുണ്ടെന്നും ചീഫ് മെഡിക്കൽ ഹെൽത്ത് ഓഫിസർ ഡോ. മംമ്ത തിമോരി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *