മുർഷിദാബാദിൽ കേന്ദ്രസേന ഇറങ്ങി; ബംഗാളിൽ അതീവ ജാഗ്രത

വഖഫ് നിയമത്തിനെതിരായ പ്രതിഷേധം വർഗീയ സംഘർഷത്തിലേക്ക് നീങ്ങിയതോടെ ബംഗാളിൽ അതീവ ജാഗ്രത. മുർഷിദാബാദ് ജില്ലയിലും പരിസരപ്രദേശങ്ങളിലും കേന്ദ്രസേനയെ വിന്യസിച്ചു. ഉത്തരവാദി സംസ്ഥാന സർക്കാരാണെന്നും അഫ്‌സ്പ പ്രഖ്യാപിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രദേശത്തെ സ്ഥിതിഗതികൾ വിലയിരുത്തി വരികയാണ്. വഖഫ് നിയമത്തിനെതിരായ പ്രതിഷേധത്തിൽ മൂന്നുപേരാണ് മുർഷിദാബാദ് ജില്ലയിൽ കൊല്ലപ്പെട്ടത്. ബംഗ്ലദേശുമായി അതിർത്തിപങ്കിടുന്ന പ്രദേശമായതിനാൽ അഞ്ച് കമ്പിനി ബി.എസ്.എഫിനെയും സി.എ.പി.എഫിനെയും വിന്യസിച്ചു. മാൾഡ, സൗത്ത് 24 പർഗനാസ്, ഗൂഗ്ലി ജില്ലകളിലും അതീവ ജാഗ്രത തുടരുന്നു. 150 പേരെ ഇതുവരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

പ്രദേശത്തെങ്ങും ഇന്ന് അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം, സംസ്ഥാന സർക്കാർ സ്‌പോൺസർ ചെയ്ത അക്രമമാണ് നടക്കുന്നതെന്നും ഒരു സമുദായത്തിൻറെ ആരാധനാലയങ്ങളും കടകളും വ്യാപകമായി തകർക്കപ്പെട്ടെന്നും ബിജെപി ആരോപണം ഉയർത്തിയിട്ടുണ്ട്. സൈന്യത്തിന് പ്രത്യേക അധികാരം നൽകുന്ന അഫ്‌സ്പ നിയമം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംപി ജ്യോതിർമയി സിങ് മഹാതോ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായ്ക്ക് കത്തയച്ചു. ഇന്നലെ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ബംഗാൾ ചീഫ് സെക്രട്ടറിയുമായും ഡിജിപിയുമായും വിഡിയോ കോൺഫറൻസിങിലൂടെ ചർച്ച നടത്തിയിരുന്നു.

ബംഗാളിൽ വഖഫ് ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് മുർഷിദാബാദിലെ സംഘർഷത്തിന് പിന്നാലെ മുഖ്യമന്ത്രി മമത ബാനർജി ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു. ന്യൂനപക്ഷങ്ങളുടെയും അവരുടെ സ്വത്തിൻറെയും സംരക്ഷണം സർക്കാർ ഉറപ്പാക്കുമെന്നും രാഷ്ട്രീയ പ്രകോപനങ്ങളിൽ വീഴരുതെന്നും മമത പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *