മുംബൈയിലെ ‘വാൻഗോഗ് ഓട്ടോ’… ‘സഞ്ചരിക്കുന്ന പെയിൻറിംഗ്’ കണ്ട് നഗരവാസികൾ നോക്കിനിന്നു..!

ജനപ്രിയവാഹനമായ ഓട്ടോറിക്ഷയിൽ കൗതുകങ്ങളായ വിവിധ ചിത്രീകരണങ്ങളും ഓൾട്ടറേഷനുകളും കണ്ടുപരിചയിച്ചവരാണു നമ്മൾ. എന്നാൽ, കഴിഞ്ഞ ദിവസം മുംബൈ നഗരത്തിൽ അടുത്തിടെ പ്രത്യക്ഷപ്പെട്ട ഓട്ടോറിക്ഷ ചിത്രകലാസ്വാദകരുടെ മാത്രമല്ല, എല്ലാവരുടെയും ഇഷ്ടം പടിച്ചുപറ്റി! ഇത്തരത്തിലൊരു ഓട്ടോറിക്ഷ ഇന്ത്യയിൽ ആദ്യമായിരിക്കാം! എന്തായാലും ഓട്ടോറിക്ഷ ലോകപ്രശസ്തമായി. പാവങ്ങളുടെ ബെൻസ് ആയ മുച്ചക്രവാഹനം സമൂഹമാധ്യമങ്ങളിൽ വൻ തരംഗമാണു സൃഷ്ടിക്കുന്നത്. ഇപ്പോൾ ഓട്ടോറിക്ഷ കാണാനും സെൽഫി എടുക്കാനും ധാരാളം ആളുകൾ എത്തുന്നുണ്ട്.

ഓട്ടോറിക്ഷയെ ലോകം ഏറ്റെടുക്കാൻ കാരണം, അതിൽ ചെയ്തിരിക്കുന്ന പെയിൻറിംഗ് ആണ്. ലോകം കണ്ട എക്കാലത്തെയും മികച്ച പോസ്റ്റ് ഇംപ്രസിഷണിസ്റ്റ് ചിത്രകാരന്മാരിലൊരാളായ വിൻസൻറ് വാൻഗോഗിൻറെ ‘ദി സ്റ്റാറി നൈറ്റ്’ എന്ന പെയിൻറിംഗ് ആണ് വാഹനത്തിൽ ചെയ്തിരിക്കുന്നത്. ‘ദി പൊട്ടറ്റോ ഈറ്റേഴ്‌സ്’, ‘സൺ ഫ്‌ളവർ’, ‘വീറ്റ് ഫീൽഡ് വിത്ത് സൈപ്രസ്’, ‘ട്രീ റൂട്‌സ്’തുടങ്ങിയ കലാസ്വാദനസങ്കൽപ്പങ്ങളെ തിരുത്തിക്കുറിച്ച ചിത്രങ്ങൾ പോലെ വിഖ്യാതമാണ് ‘ദി സ്റ്റാറി നൈറ്റ്’. ലോകമെന്പാടുമുള്ള കലാസ്വാദകർക്ക് എന്നും വിസ്മയമായ ‘ദി സ്റ്റാറി നൈറ്റ്’ 1889ലാണ് വാൻഗോഗ് പൂർത്തിയാക്കുന്നത്.

‘ദി സ്റ്റാറി നൈറ്റ്’ മനോഹരമായാണ് വാഹനത്തിൽ പെയിൻറ് ചെയ്തിരിക്കുന്നത്. അതേസമയം, ‘ദി സ്റ്റാറി നൈറ്റ്’ഓട്ടോറിക്ഷയിൽ പകർത്തിയ ചിത്രകാരനെക്കുറിച്ചുള്ള വിവരങ്ങളൊന്നും ലഭ്യമല്ല. കലാസ്വാദകർക്ക് അതിലെ യാത്ര, നക്ഷത്രനിബിഡമായ രാത്രിയിൽ ഇരിക്കുന്നതുപോലെയായിരിക്കും! അതെ, ആ ഓട്ടോറിക്ഷ കണ്ടാൽ ‘സഞ്ചരിക്കുന്ന പെയിൻറിംഗ്’ പോലെ തോന്നും!

Leave a Reply

Your email address will not be published. Required fields are marked *