മഹാകുംഭമേള; ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന്  പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ

മഹാകുംഭമേളയ്ക്ക് പോകാനെത്തിയവരുടെ തിക്കിലും തിരക്കിലും പെട്ട് ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലുണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ. മരിച്ചവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ വീതവും അപകടത്തിൽ ഗുരുതര പരിക്കേ​റ്റവർക്ക് രണ്ടര ലക്ഷം രൂപ വീതവും ചെറിയ പരിക്കുളളവർക്ക് ഒരു ലക്ഷം വീതവും നൽകും. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തുകയാണ്. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

സംഭവത്തിൽ റെയിൽവേയും വിശദീകരണം നൽകിയിട്ടുണ്ട്. യാത്രക്കാരിൽ ചിലർ സ്‌​റ്റെയർകേസിൽ തെന്നി വീണത് അപകടത്തിന് കാരണമായെന്നും വൻ ആൾക്കൂട്ടമായതിനാൽ തിരക്കിൽപ്പെട്ട് അപകടമുണ്ടാവുകയായിരുന്നുവെന്നാണ് റെയിൽവേ പിആർഒ അറിയിച്ചത്.

ഇന്നലെ രാത്രി പത്തുമണിയോടെയായിരുന്നു അപകടം. പ്രയാഗ്‌രാജ് എക്സ്‌പ്രസിൽ പോകാനായി ആയിരക്കണക്കിന് തീർത്ഥാടകരാണ് രാത്രി സ്​റ്റേഷനിലെത്തിയത്. പ്ലാ​റ്റ്‌ഫോം 14ൽ നിന്നായിരുന്നു ഈ ട്രെയിൻ പുറപ്പെടേണ്ടിയിരുന്നത്. ഇതിനിടെ 12, 13 പ്ലാ​റ്റ്‌ഫോമുകളിൽ എത്തേണ്ടിയിരുന്ന സ്വതന്ത്ര സേനാനി, ഭുവനേശ്വർ രാജധാനി എക്സ്‌പ്രസുകൾ വൈകി. ഇതോടെയാണ് മൂന്നു പ്ലാ​റ്റ്‌ഫോമുകളിലും വൻ ജനക്കൂട്ടം ഉണ്ടായത്. തുടർന്നാണ് തിക്കും തിരക്കും ഉണ്ടായത്.

തിക്കിലും തിരക്കിലും പെട്ട് ആദ്യം 15 പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നത്. എന്നാലിപ്പോൾ മരിച്ചവരുടെ എണ്ണം കൂടുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. 11 സ്ത്രീകൾ,​ രണ്ട് പുരുഷന്മാർ,​ രണ്ട് കുട്ടികൾ എന്നിവർ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചിരുന്നു. ഡൽഹി റെയിൽവേ സ്റ്റേഷനിലെ ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും ദുഃഖം രേഖപ്പെടുത്തി. സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്താൻ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വെെഷ്ണവ് ഉത്തരവിട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *