മണിപ്പൂരിൽ വീണ്ടും സംഘർഷം: കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് ജനങ്ങൾ 

മണിപ്പൂരിൽ വീണ്ടും സംഘർഷം രൂക്ഷമായതായി റിപ്പോർട്ടുകൾ. ആസാമിന്റെ അതിർത്തിയോട് ചേർന്ന ജിരിബാം മേഖലയിലാണ് സംഘർഷം ഏറെ രൂക്ഷമായിരിക്കുന്നത്. ഇവിടെ എഴുപത്തഞ്ചോളം വീടുകളും ചില സ്ഥാപനങ്ങളും കലാപകാരികൾ അഗ്നിക്കിരയാക്കിയതായാണ് റിപ്പോർട്ട്. ഇരുനൂറ്റമ്പതോളം പേരെ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. ചിലർ വീടുകൾ ഉപേക്ഷിച്ച് പോയി. സംഘർഷം അവസാനിപ്പിക്കാൻ കേന്ദ്ര ഇടപെടൽ വേണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്. ജനങ്ങൾ സംയമനം പാലിക്കണമെന്ന് നിയുക്ത കോൺഗ്രസ് എംപി ബിമോൾ അക്കോയിജം അഭ്യർത്ഥിച്ചു.

കുക്കി വിഭാഗത്തിലെ അക്രമികളിലൊരാൾ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടതിനെത്തുടർന്നുണ്ടായ സംഘർഷം വ്യാപിക്കുകയായിരുന്നു. ഇന്നലെ പുലർച്ചെ ജിരിബാം ജില്ലയിൽ അജ്ഞാതരായ അക്രമികൾ പൊലീസ് ഔട്ട്‌പോസ്റ്റും നിരവധി വീടുകളും കത്തിച്ചു. ബരാക് നദിയിലൂടെ നാല് ബോട്ടുകളിലായി എത്തിയ കലാപകാരികൾ അക്രമം അഴിച്ചുവിടുകയായിരുന്നു. ലാംതായ് ഖുനൂ, ദിബോങ് ഖുനൂ, നുങ്കാൽ, ബെഗ്ര എന്നീ ഗ്രാമങ്ങളിലാണ് കൂടുതൽ നാശനഷ്ടമുണ്ടായത്. നദീതീരത്ത് ചോട്ടോബെക്ര പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ജിരി പൊലീസ് ഔട്ട്‌പോസ്റ്റാണ് അഗ്നിക്കിരയാക്കിയത്.

 

ഇംഫാലിൽ നിന്ന് 220 കിലോമീറ്റർ അകലെയുള്ള മൊധുപൂർ പ്രദേശമായ ലാംതായ് ഖുനൂവിൽ ഒന്നിലധികം ആക്രമണങ്ങൾ നടന്നു. 70ഓളം വീടുകൾ കത്തിനശിച്ചു. പ്രദേശത്ത് സുരക്ഷ ശക്തമാക്കി. അതേസമയം, ആക്രമണത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.

കുക്കി വിഭാഗത്തിലെ ഒരാളായ 59കാരനെയാണ് കഴിഞ്ഞ ദിവസം അക്രമികൾ കൊലപ്പെടുത്തിയത്. ജിരിബാം ജില്ലാ ഭരണകൂടം ജില്ലയിൽ അനിശ്ചിതകാല കർഫ്യൂ ഏർപ്പെടുത്തി. ഇതോടെ അക്രമം ശക്തമാകുകയായിരുന്നു. പിന്നാലെ സുരക്ഷ കണക്കിലെടുത്ത് പ്രദേശത്തുള്ള മെയ്‌തി വിഭാഗക്കാരായ 250 പേരെ ക്യാമ്പുകളിലേക്ക് മാറ്റുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *