‘മകളുടെ അവസാന ആഗ്രഹം നടപ്പിലാക്കും’; വനിതാ ഓ‌‌ർക്കസ്ട്രാ സംഘം ആരംഭിക്കും: വലിയ പ്രഖ്യാപനം നടത്തി ഇളയരാജ

അന്തരിച്ച മകളുടെ അവസാന ആഗ്രഹം നടപ്പിലാക്കാൻ വിഖ്യാത സംഗീത സംവിധായകൻ ഇളയരാജ. വനിതാ ഓ‌‌ർക്കസ്ട്രാ സംഘം ആരംഭിക്കുമെന്നാണ് ഇളയരാജയുടെ പ്രഖ്യാപനം. അന്തരിച്ച മകൾ ഭാവതരിണിയുടെ ജന്മവാർഷികവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നടത്തിയ സംഗീത പരിപാടിക്കിടെയാണ് സംവിധായകൻ ഇക്കാര്യം അറിയിച്ചത്. പരിപാടിയിൽ മകൻ കാർത്തിക് രാജ, സഹോദരൻ ഗംഗയ് അമരൻ, സംവിധായകൻ വെങ്കട് പ്രഭു തുടങ്ങിയവർ സന്നിഹിതരായിരുന്നു.

‘വനിതകൾ മാത്രമുള്ള ഓർക്കസ്‌ട്ര ആരംഭിക്കണമെന്ന് ആഗ്രഹിക്കുന്നതായി ഭാവതരിണി എന്നോട് പറഞ്ഞിരുന്നു. അതായിരുന്നു അവളുടെ അവസാന ആഗ്രഹം. രണ്ടുദിവസം മുൻപ് മലേഷ്യയിൽ വച്ച് ചെറുപ്പക്കാരികളായ പെൺകുട്ടികളുടെ ട്രൂപ്പുകൾ സംഗീത പരിപാടികൾ അവതരിപ്പിക്കുന്നതുകണ്ടു. അപ്പോഴാണ് മകളുടെ ആഗ്രഹത്തെക്കുറിച്ച് ഓർത്തത്. അവളുടെ പേരിലായിരിക്കും ഓർക്കസ്‌ട്ര ആരംഭിക്കുന്നത്. 15 വയസിന് താഴെയുള്ള പെൺകുട്ടികളായിരിക്കും ഓർക്കസ്ട്രയുടെ ഭാഗമാകുന്നത്.

ലോകം മുഴുവൻ ഈ ഓർക്കസ്ട്ര പരിപാടികൾ അവതരിപ്പിക്കും. ശരിയായ സമയത്ത് മറ്റ് പ്രഖ്യാപനങ്ങൾ നടത്തും. ഓർക്കസ്‌ട്രയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്ന പെൺകുട്ടികൾക്ക് രജിസ്റ്റർ ചെയ്ത് ഓഡിഷനിൽ പങ്കെടുക്കാം. മകളുടെ പാരമ്പര്യം ഓർക്കസ്‌ട്രയ്ക്ക് കാത്തുസൂക്ഷിക്കാനാകണമെന്നാണ് ആഗ്രഹം’- ഇളയരാജ വ്യക്തമാക്കി.

കഴിഞ്ഞവർഷം ജനുവരിയിലാണ് ഗായികയും സംഗീത സംവിധായകയുമായ ഭാവതരിണി ഇളയരാജ അന്തരിച്ചത്. 47 വയസായിരുന്നു. ശ്രീലങ്കയിൽ വച്ചായിരുന്നു അന്ത്യം. കാൻസർ ബാധിതയായി ചികിത്സയിലായിരുന്നു.

2000ൽ ഭാരതി എന്ന ചിത്രത്തിലൂടെ ഗായികയായി അരങ്ങേറ്റം കുറിച്ച ഭാവതരിണിക്ക് ആ ചിത്രത്തിലെ ഗാനത്തിന് അക്കൊല്ലത്തെ മികച്ച ഗായികയ്ക്കുള്ള ദേശീയ അവാർ‌‌ഡ് ലഭിച്ചിരുന്നു. തുടർന്ന് നിരവധി ചിത്രങ്ങളിൽ ഗായികയായും സംഗീതസംവിധായികയായും തിളങ്ങി. 2019ൽ പുറത്തിറങ്ങിയ മായാനദി എന്ന തമിഴ് ചിത്രത്തിനാണ് അവസാനമായി സംഗീതം നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *