‘ഭാവിയിൽ ആംആദ്മിയുമായി സഖ്യം വേണ്ട , വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കണം’; ആവശ്യവുമായി ഡൽഹിയിലെ കോൺഗ്രസ് നേതാക്കൾ

ഭാവിയിൽ ആം ആദ്മി പാർട്ടിയുമായി സഖ്യത്തിലേർപ്പെടരുതെന്നും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കണമെന്നുമുള്ള ആവശ്യവുമായി ഡല്‍ഹി കോണ്‍ഗ്രസ് നേതാക്കള്‍. ജില്ലാ കോൺഗ്രസ് പ്രസിഡൻ്റ് ഉൾപ്പെടെയുള്ള നേതാക്കളാണ് രംഗത്തെത്തിയിരിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എഎപിയുമായി സഖ്യം ചേര്‍ന്നാണ് മത്സരിച്ചത്. എന്നാല്‍ ഏഴ് സീറ്റുകളും ബി.ജെ.പി തൂത്തുവാരുകയാണുണ്ടായത്.

ബ്ലോക്ക്-ജില്ലാ തലങ്ങളിലെ പ്രതിമാസ യോഗങ്ങളുടെ ഫീഡ്‌ബാക്ക് അവലോകനം ചെയ്യുന്നതിനും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള അജണ്ട നിശ്ചയിക്കുന്നതിനുമായി ഡൽഹി കോൺഗ്രസ് അധ്യക്ഷൻ ദേവേന്ദർ യാദവ് ബുധനാഴ്ച ജില്ലാ പ്രസിഡൻ്റുമാരുമായും നിരീക്ഷകരുമായും യോഗം ചേർന്നിരുന്നു. “ദേശീയ തലസ്ഥാനത്തെ എല്ലാ ജില്ലാ പ്രസിഡൻ്റുമാരും നിരീക്ഷകരും യോഗത്തിൽ പങ്കെടുത്തു. അടുത്ത ആറോ ഏഴോ മാസത്തിനുള്ളിൽ നമുക്ക് തെരഞ്ഞെടുപ്പിനെ നേരിടേണ്ടിവരും. ഞങ്ങൾക്ക് നിരവധി പ്രതികരണങ്ങൾ ലഭിച്ചു, സഖ്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ, എല്ലാവരും ശബ്ദമുയർത്തി. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ പാർട്ടി ഒറ്റയ്ക്ക് മത്സരിക്കണമെന്ന് എല്ലാവരും ആവശ്യപ്പെട്ടു’ അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് വേളയിൽ ബ്ലോക്ക് തലത്തിലുള്ള പ്രചാരണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാനും തീരുമാനമായി. ബി.ജെ.പി, എ.എ.പി സർക്കാരുകളെ ആക്രമണോത്സുകമായി ലക്ഷ്യമിടുന്നതിനൊപ്പം ബ്ലോക്ക് തല പ്രശ്‌നങ്ങളും പ്രചാരണ വേളയിൽ ഉന്നയിക്കണമെന്നും യോഗത്തില്‍ നിര്‍ദേശിച്ചു. ഡൽഹി കോൺഗ്രസിൻ്റെ ഭാവി പദ്ധതികൾ രൂപപ്പെടുത്തുന്നതിനായി യോഗത്തിൽ ഉയർന്നുവന്ന നിർദ്ദേശങ്ങളും നിരീക്ഷണങ്ങളും ചർച്ച ചെയ്യാൻ യാദവ് ജൂലൈ 15 ന് സംസ്ഥാന കോൺഗ്രസിൻ്റെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം വിളിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *