ബെംഗളൂരു വിമാനത്താവളം; ലോകത്തില്‍ ഏറ്റവും സമയനിഷ്ഠ പാലിക്കുന്ന വിമാനത്താവളം

രാജ്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിമാനത്താവളങ്ങളിലൊന്നായ ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം അഭിമാനിക്കാവുന്ന ഒരു നേട്ടം കൂടി സ്വന്തമായിരിക്കുകയാണ്. ലോകത്തില്‍ ഏറ്റവും സമയനിഷ്ഠ പാലിക്കുന്ന വിമാനത്താവളമായാണ് ബെംഗളൂരു വിമാനത്താവളം തിരഞ്ഞെടുക്കപ്പെട്ടത്. വിമാന സര്‍വീസുകളെ വിലയിരുത്തുന്ന ഏജന്‍സിയായ സിറിയം നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.

വിമാനങ്ങള്‍ പുറപ്പെടുന്ന സമയകൃത്യതയുടെ കാര്യത്തില്‍ മികച്ച റെക്കോര്‍ഡാണ് ബെംഗളൂരു വിമാനത്താവളത്തിനുള്ളതെന്നാണ് പഠനത്തില്‍ വ്യക്തമായിരിക്കുന്നത്. സെപ്തംബര്‍ മാസം 88.51 ശതമാനം സമയകൃത്യത പാലിക്കാന്‍ ബെംഗളൂരു വിമാനത്താവളത്തിനായി. ആഗസ്റ്റില്‍ ഇത് 89.66 ശതമാനവും ജൂലൈയില്‍ ഇത് 87.51ശതമാനവുമായിരുന്നു. ആഗോള തലത്തില്‍ തന്നെ ഏറ്റവും മികച്ചതായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ വിമാനത്താവളാമാണ് ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം. 35 എയര്‍ലൈന്‍ കമ്പനികളുടെ 88 സ്ഥലങ്ങളിലേക്കുള്ള സര്‍വീസുകളാണ് ഇവിടെയുള്ളത്. 2022-2023 കാലഘട്ടത്തില്‍ മാത്രം മൂന്ന് കോടിയിലേറെ യാത്രക്കാരാണ് ഈ വിമാനത്താവളത്തിലൂടെ യാത്ര ചെയ്തത്. ഇത്രയും തിരക്കേറിയ വിമാനത്താവളം ഇത്രത്തോളം കൃത്യനിഷ്ഠ പാലിക്കുന്നത് അഭിമാനകരമായ നേട്ടമാണെന്നും പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

2008ലാണ് കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം പ്രവര്‍ത്തനം ആരംഭിച്ചത്. രണ്ട് ടെര്‍മിനലുകളിലായി 38000 ജീവനക്കാരാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. സാള്‍ട്ട് ലേക്ക് സിറ്റി എയര്‍പോര്‍ട്ട് (യു.എസ്.എ), രാജീവ് ഗാന്ധി എയര്‍പോര്‍ട്ട് ഹൈദരാബാദ്, മിനിയാപോളിസ് സെന്റ് പോള്‍ എയര്‍പോര്‍ട്ട് (യു.എസ്.എ), എല്‍ഡോറാഡോ എയര്‍പോര്‍ട്ട് (കൊളമ്പിയ) എന്നിവയാണ് പട്ടികയില്‍ മുന്നിലുള്ളവ.

Leave a Reply

Your email address will not be published. Required fields are marked *