ബി ജെ പിയില്‍ ചേരുന്നെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് മനീഷ് തിവാരിയുടെ ഓഫീസ്

കോണ്‍ഗ്രസ് നേതാവും എം പിയുമായ മനീഷ് തിവാരി പാര്‍ട്ടി വിട്ട് ബി ജെ പിയില്‍ ചേരുന്നെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കി അദ്ദേഹത്തിന്റെ ഓഫീസ്.

മനീഷ് തിവാരി ബി ജെ പി വൃത്തങ്ങളുമായി ബന്ധപ്പെട്ടെന്നും പാര്‍ട്ടിയില്‍ ചേര്‍ന്ന് താമര ചിഹ്നത്തില്‍ ലുധിയാന ലോക്‌സഭാ മണ്ഡലത്തില്‍നിന്ന് ജനവിധി തേടുമെന്നും ചില മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഈ വാര്‍ത്തകള്‍ തെറ്റാണെന്ന് വിശദീകരിച്ച് അദ്ദേഹത്തിന്റെ ഓഫീസ് രംഗത്തെത്തിയിരിക്കുന്നത്.

മനീഷ് തിവാരി അദ്ദേഹത്തിന്റെ മണ്ഡലത്തിലുണ്ടെന്നും അവിടുത്തെ വികനസപ്രവര്‍ത്തനങ്ങള്‍ ശ്രദ്ധിക്കുകയാണെന്നുമാണ് അദ്ദേഹത്തിന്റെ ഓഫീസ് പുറത്തിറക്കിയ വിശദീകരണത്തിലുള്ളത്. മാത്രമല്ല, കഴിഞ്ഞദിവസം രാത്രി ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീട്ടിലാണ് അദ്ദേഹം തങ്ങിയതെന്നും എംപി ഓഫീസിന്റെ കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.

മുതിര്‍ന്ന നേതാവും മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രിയുമായ കമല്‍നാഥും അദ്ദേഹത്തിന്റെ മകനും എം പിയുമായ നകുല്‍നാഥും ബി ജെ പിയിലേക്ക് പോകുന്നു എന്ന വാര്‍ത്ത സജീവമായിരിക്കെയാണ് തിവാരിയും പാര്‍ട്ടി വിടുന്നുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *