ബി.ജെ.പിക്ക് 200-220 സീറ്റുകള്‍ വരെ മാത്രമേ ലഭിക്കു: പറകാല പ്രഭാകര്‍

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് 200-220 സീറ്റുകള്‍ വരെ മാത്രമേ ലഭിക്കൂവെന്ന് പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍റെ ഭർത്താവും ബി.ജെ.പിയുടെ കടുത്ത വിമര്‍ശകനുമായ പറകാല പ്രഭാകര്‍. എന്‍ഡിഎക്ക് 272 സീറ്റുകളില്‍ താഴെ മാത്രമേ നേടാനാകൂവെന്നും ഒരു അഭിമുഖത്തില്‍ പ്രഭാകര്‍ വ്യക്തമാക്കി.

ബി.ജെ.പി മോശം പ്രകടനമാണ് കാഴ്ച വയ്ക്കുന്നതെങ്കില്‍ നരേന്ദ്ര മോദിയുടെ ഭാവി എന്തായിരിക്കുമെന്ന ചോദ്യത്തിന് ലോകചരിത്രം നോക്കുകയാണെങ്കില്‍ മിക്കവാറും എല്ലാ സ്വേച്ഛാധിപതികളും കൈവിലങ്ങുകളിലോ ശവപ്പെട്ടികളിലോ അവസാനിക്കുന്നു എന്നായിരുന്നു അദ്ദേഹം നൽകിയ മറുപടി. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് പിറ്റേന്ന് ജൂണ്‍ 5ന് തന്നെ ബി.ജെ.പി ഇതര സർക്കാർ രൂപീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പറഞ്ഞ പ്രഭാകര്‍, ഉത്തരേന്ത്യയിൽ ബി.ജെ.പിക്ക് കുറഞ്ഞത് ’80-95′ സീറ്റുകളെങ്കിലും നഷ്ടപ്പെടുമെന്നും പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച് ബി.ജെ.പി വീണ്ടും അധികാരത്തിൽ വന്നാൽ ഇന്ത്യയുടെ ഭൂപടം തന്നെ മാറുമെന്ന് പ്രഭാകര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. നരേന്ദ്ര മോദി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാൽ ലഡാക്ക്-മണിപ്പൂർ പോലെയുള്ള ഒരു സാഹചര്യം രാജ്യത്ത് ഉടലെടുക്കുമെന്നും പ്രഭാകര്‍ പറയുകയുണ്ടായി. ബി.ജെ.പിക്കുള്ളിലെ അധികാര കേന്ദ്രീകരണത്തെയും വിമതശബ്ദങ്ങളെ അടിച്ചമർത്തുന്നതിനെയും അദ്ദേഹം വിമർശിച്ചു. ജനാധിപത്യ സമൂഹത്തിൽ ഇത്തരം തന്ത്രങ്ങൾ നിലനിൽക്കില്ലെന്നും വാദിച്ച അദ്ദേഹം സാമ്പത്തിക ദുരുപയോഗം, വർധിച്ചുവരുന്ന തൊഴിലില്ലായ്മ, സാമൂഹിക ധ്രുവീകരണം എന്നിവ ഉൾപ്പെടെ മോദി സർക്കാർ പരാജയപ്പെട്ടതായി താൻ വിശ്വസിക്കുന്ന നിരവധി മേഖലകൾ ഉയർത്തിക്കാട്ടുകയും ചെയ്തു.

കർഷകർ, യുവജനങ്ങൾ, ന്യൂനപക്ഷ സമുദായങ്ങൾ എന്നിവരുൾപ്പെടെ വിവിധ ജനവിഭാഗങ്ങൾക്കിടയിൽ വർധിച്ചുവരുന്ന അതൃപ്തി ഭരണകക്ഷിക്കെതിരെയുള്ള തിരിച്ചടിയുടെ സൂചകങ്ങളായി അദ്ദേഹം ചൂണ്ടിക്കാട്ടി. ബി.ജെ.പി ഗുരുതരമായ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ അഭിമുഖീകരിക്കുന്ന ഒരു സാഹചര്യത്തിലേക്ക് നയിക്കുമെന്ന് മുന്നറിയിപ്പും അദ്ദേഹം നൽകി. സ്വത്വ രാഷ്ട്രീയത്തിൽ ബി.ജെ.പി ഊന്നൽ നൽകുന്നത് സാമ്പത്തിക വെല്ലുവിളികളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണെന്നും പ്രഭാകർ അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *