ജമ്മു കശ്മീരിലെ ബന്ദിപ്പോറയിൽ ലഷ്‌കർ കമാൻഡറെ സൈന്യം വധിച്ചു. അൽത്താഫ് ലല്ലി എന്ന ഭീകരനെയാണ് വധിച്ചത്. ബന്ദിപ്പോരയിൽ സുരക്ഷാ സേനക്ക് നേരെ വെടിവെപ്പ് ഉണ്ടായിരുന്നു. സുരക്ഷ സേനയുടെ തിരച്ചിലിനിടെയാണ് വെടിവെപ്പ് ഉണ്ടായത്. ബന്ദിപ്പോരയിലെ ഏറ്റുമുട്ടലിൽ രണ്ട് സുരക്ഷാ സേന അംഗങ്ങൾക്ക് പരിക്കേറ്റു. മേഖലയിൽ ഏറ്റുമുട്ടൽ തുടരുകയാണ്. മേഖലയിൽ ഭീകരരുടെ സാന്നിധ്യം ഉണ്ടെന്ന വിവരത്തെ തുടർന്നായിരുന്നു സുരക്ഷ തിരച്ചിൽ നടത്തിയത്. ഷിംല കരാർ റദ്ദാക്കിയതിന് പിന്നാലെ പാക് പോസ്റ്റുകളിൽ നിന്ന് ഇന്ത്യൻ അതിർത്തി മേഖലയിലേക്ക് വെടിവെപ്പ് നടന്നതായും റിപ്പോർട്ടുണ്ട്.
അതേസമയം പാകിസ്താനെതിരെ കടുത്ത നടപടികളിലേക്ക് കടക്കാനൊരുങ്ങുകയാണ് ഇന്ത്യ. പാകിസ്താനുമായുള്ള വെടിനിർത്തൽ കരാർ നിർത്തലാക്കിയേക്കും.പാക് പ്രകോപനം തുടരുന്ന സാഹചര്യത്തിലാണ് നീക്കം. ആഭ്യന്തരമന്ത്രി അമിത്ഷായുടെ അധ്യക്ഷതയിൽ ഇന്ന് ഉന്നതതല യോഗം ചേരും. കരസേന മേധാവി ഉപേന്ദ്ര ദ്വിവേദി കശ്മീരിലെത്തി. ഭീകരാക്രമണം നടന്ന ബൈസരൺ വാലി അദ്ദേഹം സന്ദർശിക്കും. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ഇന്ന് കാശ്മീർ സന്ദർശിക്കും.
അതിനിടെ ,പഹൽഗാം ആക്രമണത്തിൽ പങ്കെടുത്ത ഭീകരരുടെ വീട് തകർത്തു.പ്രാദേശിക ഭരണകൂടമാണ് വീടുകൾ തകർത്തതെന്നാണ് നിഗമനം. പുൽവാമയിലെ ത്രാൽ , അനന്ത്‌നാഗിലെ ബിജ് ബെഹാര എന്നിവിടങ്ങളിലെ ഭീകരരുടെ വീടുകളാണ് തകർത്തത്.