ബംഗ്ലദേശിലെ സാഹചര്യം വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ; വിദേശകാര്യമന്ത്രിയുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായും ചർച്ച നടത്തി

കലാപവും പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവച്ച സാഹചര്യമടക്കം ബംഗ്ലാദേശ് വിഷയം പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് വിലയിരുത്തി. അക്രമം അതിരൂക്ഷമായ ബംഗ്ലാദേശിലെ സാഹചര്യം അതിർത്തി രാജ്യമായ ഇന്ത്യക്ക് ഏതെങ്കിലും തരത്തിൽ ഭീഷണി ഉയർത്തുന്നുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ മോദി വിലയിരുത്തി. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരുമായി പ്രധാനമന്ത്രി ബംഗ്ലാദേശ് സാഹചര്യം ചർച്ച ചെയ്തു.

ഡൽഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷനനടക്കം കേന്ദ്ര സർക്കാർ സുരക്ഷ കൂട്ടി. ഹൈക്കമ്മീഷനു മുന്നിലെ എല്ലാ ഗേറ്റുകളും ബാരിക്കേഡ് കൊണ്ട് അടച്ചു. സ്ഥലത്ത് വൻ പൊലീസ് സന്നാഹമാണ് നിലയുറപ്പിച്ചിട്ടുള്ളത്. കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരേയും പ്രദേശത്ത് വിന്യസിക്കും. സംഘ‌ർഷം രൂക്ഷമായതോടെ ഇന്ത്യൻ പൗരൻമാർ ബംഗ്ലാദേശിലേക്ക് യാത്ര ചെയ്യുന്നത് കേന്ദ്ര സർക്കാർ വിലക്കിയിട്ടുണ്ട്. അതീവ ജാഗ്രത പാലിക്കാൻ ബംഗ്ലാദേശിലെ ഇന്ത്യൻ പൗരൻമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്ത്യാക്കാർക്കായി ഹെൽപ്‌ലൈൻ തുറന്നിട്ടുണ്ട്. നമ്പർ -+8801958383679, +8801958383680, +8801937400591.

ബംഗ്ലാദേശിലെ സംവരണ വിരുദ്ധ പോരാട്ടമാണ് ഷെയ്ഖ് ഹസിനയുടെ പതനത്തിൽ കലാശിച്ചത്. പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ദിവസങ്ങളായി അക്രമാസക്തമായിരുന്നു. ഹസീനയുടെ രാജിക്കായി പ്രതിഷേധക്കാരും അവരെ നേരിടാൻ ഭരണകക്ഷിയായ അവാമി ലീഗ് പ്രവർത്തകരും തെരുവിൽ നിരവധി തവണ ഏറ്റുമുട്ടിയിരുന്നു. ഏറ്റുമുട്ടലില്‍ ഇന്നലെ നൂറോളം പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. നിരവധി പേർക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരിൽ 14 പേർ പൊലീസുകാരാണ്. സംഘർഷം നേരിടാൻ ബംഗ്ലാദേശിൽ രാജ്യവ്യാപകമായി അനിശ്ചിതകാല കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *