ഫ്ലാറ്റിനുള്ളിൽ യുവതിയുടെ മൃതദേഹം: ഐ.ആർ.എസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

ഐആര്‍എസ് ഉദ്യോഗസ്ഥന്റെ അപ്പാര്‍ട്ട്മെന്റില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍. ഇന്ത്യന്‍ റവന്യൂ സര്‍വീസ് ഉദ്യോഗസ്ഥന്‍ സൗരഭ് മീണയുടെ നോയിഡയിലെ സെക്ടര്‍ 100-ലെ ലോട്ടസ് ബൊളിവാര്‍ഡ് അപ്പാര്‍ട്ട്‌മെന്റിലാണ് ശില്‍പ ഗൗതം എന്ന യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ മീണയെ പൊലീസ് അറസ്റ്റ് ചെയ്തു.

ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡിലെ (ബിഎച്ച്ഇഎല്‍) എച്ച്.ആര്‍. ഉദ്യോഗസ്ഥയായിരുന്നു ശില്‍പ. സൗരഭ് വിവാഹം വാഗ്ദാനം നല്‍കി ശില്പയെ വഞ്ചിച്ചെന്നും ഇരുവര്‍ക്കുമിടയില്‍ തര്‍ക്കം പതിവായിരുന്നെന്നും ശാരീരികമായി യുവതിയെ ഉപദ്രവിച്ചിരുന്നതായും ശില്‍പയുടെ പിതാവ് ഒ.പി. ഗൗതം ആരോപിച്ചു. മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് ഡേറ്റിങ് ആപ്പിലൂടെയാണ് ഇരുവരും പരിചയപ്പെട്ടതെന്നും ഗൗതം പറഞ്ഞു.

സൗരഭ് തന്റെ മകളെ കൊലപ്പെടുത്തിയതാണെന്ന് ഗൗതം സെക്ടര്‍ 39 പോലീസിന് നല്‍കിയ പരാതിയില്‍ ഒ.പി. ഗൗതം പറയുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് സൗരഭിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ സൗരഭിനെ ജൂഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതായും കേസുമായി ബന്ധപ്പെട്ട് എല്ലാവശങ്ങളും അന്വേഷിച്ചുവരികയാണെന്നും അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ മനീഷ് കുമാര്‍ മിശ്ര വ്യക്തമാക്കി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളുവെന്നും പോലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *