ഫിൻജാൽ ചുഴലിക്കാറ്റ് തീരത്തേക്ക് അടുക്കുന്നു ; പിൻതുടർന്ന് ഐഎസ്ആർഒയുടെ സാറ്റ്ലൈറ്റുകൾ

തമിഴ്‌നാട്-പുതുച്ചേരി തീരം ലക്ഷ്യമാക്കി നീങ്ങുന്ന ഫിൻജാൽ ചുഴലിക്കാറ്റിനെ വിടാതെ പിന്തുടര്‍ന്ന് ഐഎസ്ആര്‍ഒ സാറ്റ്‌ലൈറ്റുകള്‍. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദമായി രൂപപ്പെട്ടത് മുതല്‍ ഇതിനെ സൂക്ഷ്‌മമായി നിരീക്ഷിച്ചുവരികയാണ് ഇസ്രൊയുടെ ഇഒഎസ്-06, ഇന്‍സാറ്റ്-3ഡിആര്‍ എന്നീ കൃത്രിമ ഉപഗ്രഹങ്ങള്‍. ചുഴലിക്കാറ്റിന്‍റെ സഞ്ചാരപാത കൃത്യമായി നിരീക്ഷിക്കുന്നതിനൊപ്പം മുന്നറിയിപ്പുകള്‍ യഥാസമയം നല്‍കാനും ഐഎസ്ആര്‍ഒയുടെ സാറ്റ്‌ലൈറ്റുകളില്‍ നിന്നുള്ള വിവരങ്ങള്‍ സഹായകമാകുന്നു. ഫിൻജാൽ ചുഴലിക്കാറ്റിന്‍റെ സാറ്റ്‌ലൈറ്റുകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഇസ്രൊ ട്വീറ്റ് ചെയ്‌തിട്ടുണ്ട്.

ഇന്ന് വൈകിട്ടോടെ തമിഴ്‌നാട്-പുതുച്ചേരി തീരത്ത് കാരയ്ക്കലിനും മഹാബലിപുരത്തിനും ഇടയിൽ ഫിൻജാൽ ചുഴലിക്കാറ്റ് കരതൊടുമെന്നാണ് കാലാവസ്ഥാ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. ചുഴലിക്കാറ്റ് നിലവിൽ പുതുച്ചേരിക്ക് 150 ഉം, ചെന്നൈക്ക് 140 ഉം, നാഗപട്ടിണത്തിന് 210 ഉം കിലോമീറ്റർ അകലെയാണുള്ളത്. ചുഴലിക്കാറ്റ് സാഹചര്യത്തില്‍ ചെന്നൈ, പുതുച്ചേരി ഉള്‍പ്പടെയുള്ള വടക്കന്‍ തമിഴ്‌നാട് തീരത്തിനും, തെക്കന്‍ ആന്ധ്രാ തീരത്തിനും അതീവജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചുഴലിക്കാറ്റിന്‍റെ ഭാഗമായി ചെന്നൈ ഉള്‍പ്പെടുന്ന മേഖലയില്‍ മഴ തുടരുന്നു. 90 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിന് സാധ്യതയുണ്ട്.

ഫിൻജാൽ ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ ചെന്നൈ അടക്കം 8 ജില്ലകളിലെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഐടി ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം സംവിധാനം ഒരുക്കിയിട്ടുണ്ട്. ചെന്നൈയിൽ നിന്നുള്ള പല വിമാനങ്ങളും വൈകുന്ന സാഹചര്യമാണ് നിലവിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *