പൗരത്വ ഭേദഗതി ചട്ടങ്ങള്‍ കേന്ദ്രസർക്കാർ ഇന്ന് വിജ്ഞാപനം ചെയ്യും; പൗരത്വത്തിന് അപേക്ഷിക്കാനായുള്ള പോര്‍ട്ടലും നിലവിൽ വരും

പൗരത്വ ഭേദഗതി ചട്ടങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഇന്ന് വിജ്ഞാപനം ചെയ്യും. പൗരത്വത്തിന് അപേക്ഷിക്കാനായുള്ള പോര്‍ട്ടലും ഇന്ന് നിലവില്‍ വരും. 1955ലെ നിയമം ഭേദഗതി ചെയ്തുകൊണ്ടുള്ള നിയമം നിലവില്‍ വന്നിരുന്നു. എന്നാല്‍ ഇതിനെതിരെ ഉയര്‍ന്ന ശക്തമായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ ചട്ടങ്ങള്‍ പുറപ്പെടുവിക്കുന്ന നടപടികള്‍ വൈകുകയായിരുന്നു. ഈ നടപടികള്‍ പൂര്‍ത്തീകരിച്ചാണ് ഇന്ന് വിജ്ഞാപനമുണ്ടാകുക.

പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ ആറ് ന്യൂനപക്ഷ മതവിഭാഗങ്ങളില്‍പ്പെട്ട അംഗങ്ങള്‍ക്ക് ഇന്ത്യയില്‍ കഴിഞ്ഞ 11 വര്‍ഷത്തോളമായി താമസിക്കുന്നവര്‍ക്ക് പൗരത്വം നല്‍കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിയമവുമായി ബന്ധപ്പെട്ട് സൂചിപ്പിച്ചിരുന്നത്. എന്നാല്‍ ഈ രാജ്യങ്ങളിലെ ഭൂരിപക്ഷ വിഭാഗത്തില്‍പ്പെടുന്നവര്‍ ഇന്ത്യയില്‍ കഴിയുന്നുണ്ട്. ഇവര്‍ക്ക് പൗരത്വം ലഭ്യമാക്കാന്‍ നിയമത്തില്‍ വ്യവസ്ഥയില്ലെന്നാണ് നിയമഭേദഗതിയ്‌ക്കെതിരെ ഉയരുന്ന പ്രധാന വിമര്‍ശനം. ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, ജൈന, സിഖ്, ബുദ്ധ, പാഴ്‌സി മുതലായ വിഭാഗങ്ങള്‍ക്കാണ് നിലവില്‍ ഈ നിയമപ്രകാരം പൗരത്വത്തിന് അപേക്ഷിക്കാനാകുക.

ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴിയാകും പൗരത്വത്തിനായി രജിസ്റ്റര്‍ ചെയ്യാനാകുക. സിഎഎയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചുകൊണ്ട് വിശദീകരിക്കുമെന്നാണ് സൂചന. ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തിനില്‍ക്കുമ്പോഴാണ് കേന്ദ്രത്തിന്റെ ഈ നീക്കമെന്നതും ശ്രദ്ധേയമാണ്. നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണെന്ന ഭരണഘടനാവകാശത്തിന്റെ ലംഘനമാണ് പുതിയ നിയമഭേദഗതിയെന്നാണ് പ്രതിപക്ഷത്തിന്റെ വിമര്‍ശനം.

Leave a Reply

Your email address will not be published. Required fields are marked *