പ്രതിരോധ സെക്രട്ടറിയുമായി ചർച്ചനടത്തി പ്രധാനമന്ത്രി; പാക് പ്രകോപനങ്ങൾക്കിടെ നിർണായക കൂടിക്കാഴ്ച

ന്യൂഡൽഹി: പാകിസ്താന്റെ നിരന്തരപ്രകോപനത്തിന് പിന്നാലെ പ്രതിരോധ സെക്രട്ടറിയുമായി നിർണായക കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിങ്ങുമായി മോദി കൂടിക്കാഴ്ച നടത്തിയെന്ന് അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും വിവിധ സേനാവിഭാഗങ്ങളുടെ തലവന്മാരുമായും കഴിഞ്ഞ ദിവസം പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ പ്രതിരോധ സെക്രട്ടറിയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുന്നത്. കൂടിക്കാഴ്ചയിൽ നിർണായക തീരുമാനങ്ങളുണ്ടാകുമെന്നാണ് സൂചന.

26 പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താൻ പ്രകോപനം തുടർന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രിയും രാവിലെയുമായി എട്ടിടങ്ങളിലാണ് പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘിച്ചത്. ഇതിനിടെ, ഇന്ത്യ-പാക് സംഘർഷത്തിൽ വിശദമായ ചർച്ചയാവശ്യപ്പെട്ട് യുഎൻ സുരക്ഷാ കൗൺസിലിനെ പാകിസ്താൻ സമീപിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ തിങ്കളാഴ്ച ചർച്ചയുണ്ടാകുമെന്നാണ് വിവരം.

പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച പാകിസ്താന് കനത്ത തിരിച്ചടി നൽകാൻ വ്യോമ, നാവികസേനകൾ തയ്യാറെടുക്കുന്നതായും റിപ്പോർട്ടുണ്ട്. സർക്കാരിന്റെ നിർദേശം ലഭിച്ചാലുടൻ പാകിസ്താന് കനത്ത തിരിച്ചടി നൽകുമെന്ന് പ്രതിരോധ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞദിവസം വ്യോമസേനാ മേധാവി എയർ മാർഷൽ എ.പി. സിങ്ങും നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് കെ. ത്രിപാഠിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെവ്വേറെ കണ്ടിരുന്നു. ഈ കൂടികാഴ്ചകളിലാണ് പാകിസ്താനെതിരായ സൈനിക നടപടികൾക്ക് സേനാവിഭാഗങ്ങൾ സജ്ജമാണെന്ന് സേനാ മേധാവികൾ പ്രധാനമന്ത്രിയെ ധരിപ്പിച്ചത്. കൂടിക്കാഴ്ചയെ സംബന്ധിച്ച് ഔദ്യോഗികമായ വാർത്താക്കുറിപ്പുകൾ സർക്കാർ ഇറക്കിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *