പ്രണയത്തില്‍നിന്നു പിന്‍മാറി; പെണ്‍കുട്ടിയുടെ അമ്മയെ കഴുത്തറുത്തു കൊന്നു

പ്രണയത്തില്‍നിന്നു പിന്മാറിയതിന്റെ വിരോധത്തില്‍ യുവാവ് പെണ്‍കുട്ടിയുടെ അമ്മയെ കഴുത്തറുത്തു കൊന്നു. ഹൈദരാബാദ് നഗരത്തിലെ മിയാപൂരിലാണു നടുക്കുന്ന സംഭവം. അതിരാവിലെ പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയായിരുന്നു ആക്രമണം. മിയാപൂര്‍ അയോധ്യാ നഗറിലെ ശോഭയെന്ന 45കാരിയാണു ദാരുണമായി കൊല്ലപ്പെട്ടത്.

ഇവരുടെ 19 വയസുള്ള മകള്‍ വൈഭവിയും സന്ദീപ് എന്നയാളും പ്രണയത്തിലായിരുന്നു. ആറുമാസം മുന്‍പു ബന്ധത്തില്‍ ഉലച്ചില്‍ തട്ടി. പെണ്‍കുട്ടി പ്രണയത്തില്‍നിന്നു പിന്മാറി. ഇതിന്റെ പകയില്‍ ബുധനാഴ്ച രാവിലെ സന്ദീപ് വീട്ടിലെത്തി ആക്രമിക്കുകയായിരുന്നു. 

വൈഭവിയെ ആക്രമിക്കുന്നതു തടയാനെത്തിയപ്പോഴാണു ശോഭയ്ക്കു വെട്ടേറ്റത്. കരച്ചില്‍കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ ഇരുവരെയും ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ ശോഭ മരിച്ചു. അമ്മയെയും മകളെയും വെട്ടിവീഴ്ത്തിയതിനുശേഷം സന്ദീപ് സ്വയം കഴുത്തുമുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു. ഇയാളും പെണ്‍കുട്ടിയും അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *