കർണാടകയിലെ ജെ.ഡി.എസ് നേതാവും ലോക്സഭാ തെരഞ്ഞെടുപ്പ് സ്ഥാനാർഥിയുമായ പ്രജ്വൽ രേവണ്ണയുടെ ലൈംഗികാതിക്രമ വീഡിയോകൾ പ്രചരിപ്പിച്ച കേസിൽ രണ്ട് ബിജെപി നേതാക്കൾ കൂടി അറസ്റ്റിലായി. യെലഗുണ്ട, ശ്രാവണബലഗോള സ്വദേശികളും പ്രാദേശിക നേതാക്കളുമായ ചേതൻ, ലികിത് ഗൗഡ എന്നിവരാണ് കേസിൽ അറസ്റ്റിലായിരിക്കുന്നത്.
സ്പോട്ട് ഇൻക്വസ്റ്റിനായി അറസ്റ്റിനു ശേഷം ഇരുവരേയും വീടുകളിലേക്ക് കൊണ്ടുപോയി. പ്രതികൾ അശ്ലീല ക്ലിപ്പുകൾ പ്രചരിപ്പിക്കാൻ ഉപയോഗിച്ച രണ്ട് പെൻഡ്രൈവുകളും കമ്പ്യൂട്ടർ സിപിയുവും എസ്ഐടി ഉദ്യോഗസ്ഥർ കണ്ടെടുത്തിട്ടുണ്ട്. പിടിക്കപ്പെടാതിരിക്കാൻ ഡിജിറ്റൽ ഉപകരണങ്ങൾ നശിപ്പിക്കാൻ ഇരുവരും ഗൂഢാലോചന നടത്തിയെന്നും എന്നാൽ സമയബന്ധിതമായി പിടികൂടിയെന്നുമാണ് എസ്ഐടി വൃത്തങ്ങൾ പറയുന്നത്.
ഹാസൻ മുൻ എംഎൽഎയും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ പ്രീതം ഗൗഡയുടെ അടുത്ത അനുയായികളാണ് ഇവരെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഏപ്രിൽ 22ന് നഗരത്തിലും പരിസരത്തും പ്രജ്വലിന്റെ ലൈംഗികാതിക്രമ ക്ലിപ്പുകൾ പ്രചരിക്കുകയും നിരവധി പെൻഡ്രൈവുകൾ കണ്ടെത്തുകയും ചെയ്തതിന് പിന്നാലെ 23ന് ഹാസൻ സിഇഎൻ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്ഐആറുമായി ബന്ധപ്പെട്ടാണ് അറസ്റ്റുകൾ.