പേടിപ്പെടുത്തുന്ന വീഡിയോ; ചികിത്സ നൽകാൻ പോയ ഉദ്യോഗസ്ഥനെ കാട്ടാന കുത്തിക്കൊന്നു; മരിച്ചത് ‘ആനെ വെങ്കിടേഷ്’ എന്ന ആനവിദഗ്ധൻ

കർണടാകയിൽനിന്നുള്ള പേടിപ്പെടുത്തുന്ന വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ പതിനായിരക്കണിക്കിന് ആളുകൾ കാണുന്നത്. മുറിവേറ്റ കാട്ടനയ്ക്കു ചികിത്സ നൽകാൻ പോയ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സംഘത്തിലെ ഷൂട്ടറെയാണ് ആന കുത്തിക്കൊന്നത്.

ഹാസൻ ജില്ലയിലെ ആളൂർ താലൂക്കിലെ ഹള്ളിയൂരിനടുത്തുള്ള വനത്തിലാണ് സംഭവം. എച്ച്.എച്ച് വെങ്കിടേഷ് (67) ആണു മരിച്ചത്. നേരത്തെ ഫോറസ്റ്റ് ഗാർഡായി ജോലി ചെയ്തിരുന്ന വെങ്കിടേഷ് വിരമിച്ചതിന് ശേഷമാണു മയക്കുവെടി മേഖലയിൽ പരിശീലനം നേടിയത്. മയക്കുവെടി വയ്ക്കുന്നതിൽ വിദഗ്ധനായ അദ്ദേഹം ‘ആനെ വെങ്കിടേഷ്’ എന്നാണ് അറിയപ്പെട്ടിരുന്നത്.

കാട്ടാനയ്ക്കു പരിക്കേറ്റതിനെ തുടർന്ന് വനംവകുപ്പ് ചികിത്സ നൽകാൻ തീരുമാനിച്ചിരുന്നു. വെറ്ററിനറി ഡോക്ടറും വിദഗ്ധനുമായ വസീമും വെങ്കിടേഷും വനംവകുപ്പ് ഉദ്യോഗസ്ഥരുമാണ് ദൗത്യത്തിനായി പോയത്. മയക്കുവെടി വയ്ക്കുന്നതിനിടയിൽ പ്രകോപിതനായ ആന വെങ്കിടേഷിനെ ആക്രമിക്കുകയായിരുന്നു. വെങ്കിടേഷ് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നുണ്ടെങ്കിലും ആന പിന്തുടർന്നെത്തി തുമ്പിക്കൈ കൊണ്ട് പൊക്കി എറിയുകയായിരുന്നു. സംഘത്തിലുള്ളവരെയും ആന ആക്രമിച്ചു. ആക്രമണ സ്വഭാവം കാണിച്ചിരുന്ന ആനയല്ല ഇതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.

വെങ്കിടേഷിനെ ഹാസൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 67കാരനെ ദൗത്യത്തിന് അയച്ചതിൽ വെങ്കിടേഷിൻറെ കുടുംബാംഗങ്ങൾ വനംവകുപ്പിനെ കുറ്റപ്പെടുത്തി. അപകടകരമായ ദൗത്യം ഏറ്റെടുക്കുന്നതിന് മുമ്പ് ആവശ്യമായ മുൻകരുതലുകൾ എടുത്തിട്ടില്ലെന്ന് അവർ ആരോപിച്ചു. വെങ്കിടേഷിന് ഭാര്യയും രണ്ട് മക്കളുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *