‘പരീക്ഷയ്ക്കു മുൻപേ ഉത്തരം അറിയുന്ന സംസ്ഥാനം’: പരിഹസിച്ച് തരൂർ, ഉത്തർപ്രദേശിനെ അപമാനിച്ചെന്ന് ബിജെപി

പരീക്ഷയെഴുതുന്നതിനുമുൻപേ ഉത്തരം അറിയാൻ കഴിയുന്ന സ്ഥലമാണ് ഉത്തർ പ്രദേശ് എന്ന് കോൺഗ്രസ് നേതാവ് ശശി തരൂരിന്റെ കുറിപ്പ്. പിന്നാലെ പ്രതികരിച്ച് ബിജെപി രംഗത്ത്. എക്‌സ് പ്ലാറ്റ്‌ഫോമിൽ പങ്കുവച്ച ഉത്തരക്കടലാസിന്റെ മാതൃകയാണ് നീറ്റ് – നെറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ പരിഹസിക്കാൻ തരൂർ ഉപയോഗിച്ചത്.

ഹിന്ദിയിലായിരുന്നു ചോദ്യവും ഉത്തരവും. ചോദ്യം ഇങ്ങനെ: ഉത്തർ പ്രദേശ് എന്നാൽ എന്ത്. ഉത്തരം: പരീക്ഷയ്ക്കു മുൻപേ ഉത്തരങ്ങൾ (ഉത്തർ) അറിയുന്ന സംസ്ഥാനം. അതിശയകരം എന്നർഥം വരുന്ന വാക്കിനൊപ്പം പരീക്ഷാ പേ ചർച്ച എന്ന ഹാഷ്ടാഗും ചേർത്താണ് എക്‌സിൽ തരൂർ പോസ്റ്റ് ചെയ്തിരിക്കുന്നത്. വിദ്യാർഥികളുമായി പ്രധാനമന്ത്രി പരീക്ഷാകാലത്തിനുമുൻപു നടത്തുന്ന സംവാദ പരിപാടിയാണ് പരീക്ഷാ പേ ചർച്ച. അതുകൊണ്ടുതന്നെ മോദിക്കു നേരെ ഒളിയമ്പെയ്തതാണ് ഇതെന്നും വിലയിരുത്തലുണ്ട്.

ഉത്തർപ്രദേശിനെ ശശി തരൂർ അപമാനിച്ചെന്ന് ബിജെപി നേതാക്കൾ കുറ്റപ്പെടുത്തി. തൻറെ സംസ്ഥാനത്തെ അപമാനിക്കുന്നതിൽ തനിക്ക് തമാശ തോന്നിയില്ലെന്ന് കേന്ദ്ര മന്ത്രി ജിതിൻ പ്രസാദ പറഞ്ഞു. ഇത്തരം പരാമർശങ്ങളെ താൻ ശക്തമായ ഭാഷയിൽ അപലപിക്കുന്നുവെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *