കേന്ദ്ര സർക്കാരിനെ വീണ്ടും പുകഴ്ത്തി കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി. കോവിഡ് സമയത്തെ ഇന്ത്യയുടെ വാക്സിൻ നയത്തെയാണ് തരൂർ പ്രകീർത്തിച്ചത്. വാക്സിൻ നയം ഇന്ത്യയുടെ ആഗോള നേതൃത്വത്തിന്‍റെ ഉദാഹരണമാണെന്ന് അദ്ദേഹം ‘ദ വീക്കി’ൽ എഴുതിയ ലേഖനത്തിൽ അഭിപ്രായപ്പെട്ടു.
നിർണായക സമയത്ത് മറ്റ് ലോകരാഷ്ട്രങ്ങൾ ചെയ്യാത്ത നിലയിൽ 100ലധികം രാജ്യങ്ങൾക്ക് ഇന്ത്യ വാക്‌സിൻ നൽകി, സഹായഹസ്‌തം നീട്ടി. ഇതിലൂടെ ലോകരാജ്യങ്ങൾക്ക് ഇന്ത്യ വിശ്വസ്ത സുഹൃത്തായി മാറി. കോവിഡ് കാല ഭീകരതകളില്‍ നിന്ന് വേറിട്ടു നില്‍ക്കുന്നതാണ് ഇന്ത്യയുടെ അന്നത്തെ വാക്‌സിന്‍ നയതന്ത്രം. ഉത്തരവാദിത്തത്തിലും ഐക്യദാര്‍ഢ്യത്തിലും വേരൂന്നിയ അന്താരാഷ്ട്ര നേതൃത്വത്തിന്റെ ശക്തമായ ഉദാഹരണമായിരുന്നു അതെന്നും നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പാക്കിയ ‘വാക്‌സിന്‍ മൈത്രി’ സംരംഭത്തെ പുകഴ്ത്തിക്കൊണ്ട് ശശി തരൂർ പറഞ്ഞു.
അതിനിടെ, തരൂരിന്‍റെ കേന്ദ്രസർക്കാർ പ്രശംസയിൽ പ്രതികരണവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ രംഗത്തെത്തി. റഷ്യ യുക്രെയ്ൻ യുദ്ധത്തിലെ ഇന്ത്യൻ നിലപാട് ഉചിതമെന്ന് കോൺഗ്രസ് നേതാക്കൾ അടുത്തിടെ സമ്മതിച്ചിരുന്നു . മറ്റു രാജ്യങ്ങൾക്ക് നരേന്ദ്രമോദി സർക്കാർ സഹായം നൽകുന്നു എന്ന സത്യം കോൺഗ്രസ് നേരത്തെ വിമർശിച്ചിരുന്നു .എന്നാൽ ഇപ്പോൾ കോൺഗ്രസും സർക്കാർ നിലപാട് അംഗീകരിച്ചുവെന്നും രാജീവ് കൂട്ടിച്ചേര്‍ത്തു.
നേരത്തെ യുക്രെയ്ൻ-റഷ്യ യുദ്ധത്തിലെ പ്രധാനമന്ത്രിയുടെ നിലപാടിനെയും തരൂർ പ്രശംസിച്ചിരുന്നു. ഒരേ സമയം റഷ്യക്കും യുക്രെയ്നും സ്വീകാര്യനായ പ്രധാനമന്ത്രിയെന്നായിരുന്നു പ്രശംസ. ട്രംപുമായുള്ള കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ടും തരൂർ മോദിയെ പുകഴ്ത്തിയിരുന്നു. യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ പ്രശംസയ്ക്ക് പിന്നാലെയായിരുന്നു തരൂരിന്‍റെ വാക്കുകള്‍. ‘മോദിയോട് വിലപേശല്‍ എളുപ്പമല്ല. അക്കാര്യത്തില്‍ അദ്ദേഹം എന്നേക്കാളും കടുപ്പക്കാരനും മെച്ചപ്പെട്ടയാളുമാണ്’- എന്നായിരുന്നു ട്രംപിന്‍റെ പുകഴ്ത്തല്‍. ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ട്രംപ് അങ്ങനെ ഇന്ത്യന്‍ പ്രധാനമന്ത്രിയെ കുറിച്ച് പറഞ്ഞെങ്കില്‍, അത് വെറുതെയാവില്ലെന്നായിരുന്നു തരൂരിന്‍റെ മറുപടി. ശുഭമായതെന്തോ സംഭവിച്ചിട്ടുണ്ടെന്നും തരൂര്‍ പറഞ്ഞിരുന്നു.