ത്രിപുരയിൽ ഭരണത്തുടർച്ച ഉറപ്പിച്ച് ബിജെപി; മുഖ്യമന്ത്രി മണിക് സാഹ വിജയിച്ചു

തിരഞ്ഞെടുപ്പു പോരാട്ടം നടക്കുന്ന ത്രിപുരയിൽ, ഭരണം നിലനിർത്തുമെന്ന ആത്മവിശ്വാസത്തിൽ ബിജെപിയുടെ കുതിപ്പ്. കേവല ഭൂരിപക്ഷത്തിന് 31 സീറ്റുകൾ വേണ്ട ത്രിപുരയിൽ, 30 സീറ്റുകളിൽ ലീഡ് ചെയ്യുന്ന ബിജെപിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി.  ടൗണ്‍ ബോർഡോവാലിയില്‍ നിന്നും ജനവിധി തേടിയ ത്രിപുര മുഖ്യമന്ത്രി മണിക് സാഹ വിജയിച്ചു. കോണ്‍ഗ്രസിന്‍റെ ആശിഷ് കുമാര്‍ സാഹയെയാണ് പരാജയപ്പെടുത്തിയത്.

ബിജെപി സഖ്യകക്ഷിയായ ഐപിഎഫ്ടിയും ഒരു സീറ്റിൽ ലീഡ് ചെയ്യുന്നുണ്ട്. അതേസമയം, സിപിഎം-കോണ്‍ഗ്രസ് സഖ്യം 18 സീറ്റുകളിൽ മുന്നിലാണ്. ഇതിൽ 13 സീറ്റിൽ സിപിഎമ്മും അഞ്ച് സീറ്റിൽ കോൺഗ്രസും ലീഡ് ചെയ്യുന്നു. തിപ്ര മോത്ത പാര്‍ട്ടി 10 സീറ്റുകളിൽ മുന്നിലാണ്. ഒരു സീറ്റിൽ സ്വതന്ത്രനും മുന്നിലുണ്ട്.

60 നിയമസഭാ സീറ്റുകളുള്ള ത്രിപുരയിൽ ബിജെപി, സിപിഎം-കോണ്‍ഗ്രസ്, തിപ്ര മോത്ത പാര്‍ട്ടി എന്നിവർ തമ്മിലുള്ള ത്രികോണ മത്സരമാണ്. ത്രിപുരയിൽ ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്നാണ് എക്സിറ്റ് പോളുകളുടെ പ്രവചനം. ഇതു ശരിവയ്ക്കുന്ന സൂചനകളാണ് വോട്ടെണ്ണൽ കേന്ദ്രങ്ങളിൽനിന്നു ലഭിക്കുന്നത്. ഇത്തവണ കോൺഗ്രസുമായി ചേർന്ന് മത്സരിച്ചിട്ടും സിപിഎം കൂടുതൽ ക്ഷീണിക്കുന്നതിന്റെ സൂചനകളും ശക്തമാണ്. കഴിഞ്ഞ തവണ 16 സീറ്റുകളിൽ ജയിച്ച സിപിഎം, നിലവിൽ 11 സീറ്റിൽ മാത്രമാണ് മുന്നിലുള്ളത്. അതേസമയം, സഖ്യത്തിന്റെ നേട്ടം ലഭിച്ച കോൺഗ്രസ് പൂജ്യത്തിൽനിന്ന് അഞ്ച് സീറ്റിൽ മുന്നിലാണ്.

കാല്‍നൂറ്റാണ്ടു നീണ്ട സിപിഎം ഭരണം അവസാനിപ്പിച്ച് 2018ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍, 60 നിയമസഭാ സീറ്റുകളില്‍ 36 സീറ്റില്‍ വിജയിച്ചാണ് ബിജെപി അധികാരത്തിലെത്തിയത്. 2021 ഏപ്രിലിലെ ത്രിപുര ട്രൈബല്‍ ഏരിയ ഡിസ്ട്രിക്ട് ഓട്ടോണമസ് കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ തിപ്ര മോത്ത പാര്‍ട്ടി സിപിഎമ്മിനെയും ബിജെപിയെയും നിലംപരിശാക്കിയിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ അരങ്ങേറ്റം കുറിക്കുന്ന തിപ്ര മോത്ത പാര്‍ട്ടി 42 സീറ്റിൽ സ്ഥാനാര്‍ഥികളെ നിര്‍ത്തിയത് എന്‍ഡിഎ, ഇടതു–കോൺഗ്രസ് സഖ്യങ്ങളെ കൂടുതല്‍ പ്രതിരോധത്തിലാക്കി. ബിജെപി 55 സീറ്റിലും സഖ്യകക്ഷിയായ ഇന്‍ഡിജിനസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുര (ഐപിഎഫ്ടി) 6 സീറ്റിലും മത്സരിക്കുന്നു. സിപിഎമ്മിന്റെ 43 സ്ഥാനാർഥികളും കോൺഗ്രസിന്റെ 13 സ്ഥാനാർഥികളുമാണ് ജനവിധി തേടുന്നത്. തൃണമൂൽ കോൺഗ്രസിന്റെ 28 സ്ഥാനാർഥികളും ജനവിധി തേടുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *