തമിഴ്‌നാട്ടിൽ സുകുമാരക്കുറുപ്പ് മോഡൽ കൊലപാതകം; സുഹൃത്തിനെ കൊന്ന് കത്തിച്ചു, അറസ്റ്റ്

തമിഴ്‌നാട്ടിലും സുകുമാരക്കുറുപ്പ് മോഡൽ കൊലപാതകം. ഒരുകോടി രൂപയുടെ ഇൻഷ്വറൻസ് തുക തട്ടാൻ സുഹൃത്തിനെ കൊന്ന് കത്തിച്ച സുരേഷ് ഹരികൃഷ്ണനെ പൊലീസ് അറസ്റ്റുചെയ്തതോടെയാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം പുറത്തറിഞ്ഞത്. 

ഇയാളെ സഹായിച്ച കീർത്തി രാജൻ, ഹരികൃഷ്ണൻ എന്നിവരും അറസ്റ്റിലായിട്ടുണ്ട്. ഐനാപുരം സ്വദേശി ദിലിബാബുവാണ് കൊല്ലപ്പെട്ടത്.ഇൻഷ്വറൻസുകാരെ കബളിപ്പിച്ച് പണം തട്ടുക എന്ന ഉദ്യേശത്തോടെ സുരേഷ് അടുത്തിടെ ഒരുകോടി രൂപയുടെ ഇൻഷ്വറൻസ് എടുത്തു. താൻ മരണപ്പെട്ടു എന്ന് കാട്ടി തുക തട്ടിയെടുക്കാനായിരുന്നു ലക്ഷ്യം. സുരേഷിന്റെ രൂപ സാമ്യമുള്ള ഒരാളെ കണ്ടെത്തി കൊലപ്പെടുത്താനായിരുന്നു പദ്ധതി. ഇതിനായി പലയിടത്തും അന്വേഷണം നടത്തിയെങ്കിലും യോജിച്ച ആളെ കണ്ടെത്താനായില്ല. ഇതിടെയാണ് സുഹൃത്തും നാട്ടുകാരനുമായ ദിലിബാബുവിൽ മൂവർ സംഘത്തിന്റെ ശ്രദ്ധ പതിഞ്ഞത്. ഇയാളെ കൊലപ്പെടുത്താൻ തന്നെ പദ്ധയിട്ടു. ഇതിന്റെ ഭാഗമായി സുരേഷ്, ദിലിബാബുവും അമ്മയുമായി കൂടുതൽ അടുത്തു. വീട്ടിൽ നിത്യ സന്ദർശകനായി. ചില ദിവസങ്ങളിൽ ഇവർ ഒത്തുചേർന്ന് മദ്യപിക്കാനും തുടങ്ങി.

കഴിഞ്ഞ സെപ്തംബർ പതിമൂന്നിന് ദിലിബാബുവിനെയും കൂട്ടി മൂവർ സംഘം ചെങ്കൽപ്പേട്ടിനടുത്തുള്ള ആളൊഴിഞ്ഞ കെട്ടിടത്തിൽ എത്തി. ഇവിടെയിരുന്ന് മദ്യപിച്ചു. ദിലിബാബു മദ്യലഹരിയിലായതോടെ അയാളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും മദ്യപിച്ച കുടിലിന് സമീപത്തുവച്ച് മൃതദേഹം പൂർണമായും കത്തിക്കുകയും ചെയ്തു. തുടർന്ന് സുരേഷ് ഒളിവിൽപ്പോയി. സുരേഷ് തീപിടിച്ച് മരിച്ചെന്ന് വിവരം ലഭിച്ചതോടെ സ്ഥലത്തെത്തിയ ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങി സംസ്‌കരിക്കുകയും ചെയ്തു. 

തുടർന്ന് ഇൻഷ്വറൻസ് തുക ലഭിക്കാനുള്ള നടപടികളും ആരംഭിച്ചു. ഇതിനിടെയാണ് കാര്യങ്ങൾ ആകെ തകിടം മറിയുന്നത്. ദിലിബാബുവിനെ കാണാതായതോടെ അമ്മ ലീലാവതി പരാതിയുമായി പൊലീസിനെ സമീപിച്ചു. സുരേഷിനൊപ്പം പോയശേഷമാണ് മകനെ കാണാതായതെന്നാണ് ലീലാവതി പരാതിയിൽ പറഞ്ഞത്. പരാതി നൽകിയെങ്കിലും അതിൽ തുടർ നടപടികൾ ഒന്നും ഉണ്ടാകാതെ വന്നതോടെ ലീലാവതി കോടതിയെ സമീപിച്ചു. കോടതി ഇടപെടൽ ഉണ്ടായതോടെ അന്വേഷണം ഊർജിതമായി. കാണാതായ ദിവസം സുരേഷിനൊപ്പമാണ് ദിലിബാബു പുറത്തുപോയെന്ന ലീലാവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം മുന്നോട്ടുപോയത്. 

തുടർന്ന് രണ്ടുപേരുടെ മൊബൈൽ ഫോണുകൾ പരിശോധിച്ചതോടെ സംഭവ ദിവസം ഇരുവരും മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് ഉണ്ടായിരുന്നു എന്ന് വ്യക്തമായി. തുടർന്ന് സുരേഷിന്റെ സുഹൃത്തുക്കളെ കണ്ടെത്തിയ പൊലീസ് അവരെ വിശദമായി ചോദ്യംചെയ്‌തോടെ കൊലപാതക വിവരം പുറത്താവുകയായിരുന്നു. ഇവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ സുരേഷിനെ കസ്റ്റഡിയിലെടുത്തു. പ്രതികൾ ഇപ്പോൾ റിമാൻഡിലാണ്.

Leave a Reply

Your email address will not be published. Required fields are marked *