ട്രെയിനുകള്‍ നവീകരിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ

ഇന്ത്യന്‍ റെയില്‍വേ അടിമുടി പരിഷ്‌കരണത്തിനൊരുങ്ങുന്നു. എല്ലാ തീവണ്ടികള്‍ക്കും ഓട്ടോമാറ്റിക് വാതിലുകള്‍, പെട്ടെന്നുണ്ടാകുന്ന ജെര്‍ക്കുകളില്‍നിന്ന് യാത്രക്കാരെ സംരക്ഷിക്കാനുള്ള ആന്റി ജെര്‍ക്ക് കപ്‌ളേഴ്‌സ്, കൂടുതല്‍ വേഗം സാധ്യമാക്കാന്‍ ഒരു തീവണ്ടിയ്ക്ക് രണ്ട് എന്‍ജിനുകള്‍ തുടങ്ങിയവ നടപ്പാക്കാന്‍ റെയില്‍വേ ഒരുങ്ങുന്നതായി ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

രണ്ട് എന്‍ജിനുകള്‍, ഒന്ന് തീവണ്ടിയുടെ മുന്‍പിലും മറ്റൊന്ന് പിന്നിലും സ്ഥാപിക്കുകവഴി വന്ദേ ഭാരത് തീവണ്ടികളുടേതിന് സമാനമായി വേഗം കൂട്ടലും കുറയ്ക്കലും എളുപ്പത്തില്‍ സാധ്യമാകും. മാത്രമല്ല, യാത്രാസമയം കുറയ്ക്കാനും ഇത് സഹായിക്കും. ഭാവിയില്‍ അറ്റകുറ്റപ്പണികളുടെ ചെലവു കുറയ്ക്കുക കൂടി ലക്ഷ്യമിട്ടാണ്‌ പാസഞ്ചര്‍-ചരക്ക് തീവണ്ടികള്‍ നവീകരിക്കുന്നത്.

സാധാരണക്കാരായ താഴ്ന്ന വരുമാനക്കാരെ ലക്ഷ്യമിട്ട്‌ ആളുകള്‍ക്കായി സ്‌പെഷല്‍ തീവണ്ടികള്‍ അവതരിപ്പിക്കാനും റെയില്‍വേ ഉദ്ദേശിക്കുന്നുണ്ട്. ബിഹാര്‍, ഉത്തര്‍ പ്രദേശ്, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഢ്, അസം, ഹരിയാണ, പശ്ചിമ ബംഗാള്‍ തുടങ്ങിയിടങ്ങളിലാണ് ഇത്തരം സ്ഥിരം തീവണ്ടി സര്‍വീസുകള്‍ ആരംഭിക്കുക.

ഈ സംസ്ഥാനങ്ങളില്‍നിന്നുള്ള, വരുമാനംകുറഞ്ഞ ആളുകള്‍ ഉപജീവനമാര്‍ഗം തേടി വിവിധ മെട്രോ നഗരങ്ങളിലേക്ക് സഞ്ചരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണിത്.

Leave a Reply

Your email address will not be published. Required fields are marked *