ദുബായിൽ ട്രാവൽ ഏജൻസി നടത്തിവന്ന തഞ്ചാവൂർ സ്വദേശി ഡി. ശിഖമണിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കാമുകി ശാരദ ഷൺമുഖൻ (32) അറസ്റ്റിൽ. കോയമ്പത്തൂർ ഗാന്ധിമാനഗർ എഫ്സിഐ കോളനി സ്വദേശിനിയായ ശാരദ ദുബായിൽ ജോലി ചെയ്തുവരികയായിരുന്നു. കേസിൽ അറസ്റ്റിലാകുന്ന ആറാമത്തെ പ്രതിയാണ് ശാരദ. ഇതോടെ കേസിലെ എല്ലാ പ്രതികളും പോലീസ് പിടിയിലായിട്ടുണ്ട്.
ഏപ്രിൽ 22-ന് ശാരദയും അമ്മയും രണ്ടാനച്ഛനും സഹോദരിയും വാടക ഗുണ്ടയും മറ്റൊരു സ്ത്രീയും ചേർന്നാണ് കൊലപാതകം നടത്തിയത്. കൃത്യം നിർവഹിച്ചശേഷം ഏപ്രിൽ 25-ന് ശാരദ തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ നിന്നും ദുബായിലേക്ക് മടങ്ങി.
ഏപ്രിൽ 30-ന് ശാരദ ചെന്നൈയിൽ തിരിച്ചെത്തിയെങ്കിലും പിടികൂടാനായില്ല. പിന്നീട് ശാരദ ചെന്നൈയിൽനിന്നും കോയമ്പത്തൂരിലെത്തി മണിയകാരൻപാളയത്തെ ബന്ധുവീട്ടിൽ ഒളിവിൽ താമസിക്കുമ്പോഴാണ് പോലീസ് കണ്ടെത്തുന്നത്. കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു. കേസിന്റെ തുടരന്വേഷണം പീളമേട് പോലീസിൽ നിന്നും ശരവണംപട്ടി പോലീസിന് കൈമാറി.