‘ഞാന്‍ അഭിമാനമുള്ള ഹിന്ദുവാണ്’; ബീഫ് കഴിക്കുമെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് കങ്കണ റണൗട്ട്

താന്‍ ബീഫ് കഴിക്കുമെന്ന പ്രചാരണങ്ങളെ തള്ളി നടിയും ഹിമാചലിലെ ബിജെപി സ്ഥാനാര്‍ഥിയുമായ കങ്കണ റണൗട്ട് രം​ഗത്ത്. ഹിന്ദുവെന്നതില്‍ താന്‍ അഭിമാനിക്കുന്നുവെന്നും അവര്‍ പറഞ്ഞു. കങ്കണ ബീഫ് കഴിക്കുമെന്നുള്ള സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണങ്ങള്‍ക്ക് പിന്നാലെ എക്‌സിലൂടെയായിരുന്നു പ്രതികരണം.

‘ഞാന്‍ ബീഫോ മറ്റേതെങ്കിലും ചുവന്ന മാംസമോ കഴിക്കാറില്ല. എന്നെക്കുറിച്ച് തികച്ചും അടിസ്ഥാനരഹിതമായ കിംവദന്തികള്‍ പ്രചരിക്കുന്നത് ലജ്ജാകരമാണ്, ദശാബ്ദങ്ങളായി ഞാന്‍ യോഗ, ആയുര്‍വേദ ജീവിതരീതികളെ പിന്തുടരുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഇത്തരം തന്ത്രങ്ങളിലൂടെ എന്റെ പ്രതിച്ഛായ തകര്‍ക്കാനാകില്ല. എന്റെ ആളുകള്‍ക്ക് എന്നെ അറിയാം, ഞാന്‍ അഭിമാനമുള്ള ഒരു ഹിന്ദുവാണ്. ആരേയും തെറ്റിദ്ധരിപ്പിക്കാനാകില്ല’, കങ്കണ എക്‌സില്‍ കുറിച്ചു.

മഹാരാഷ്ട്രയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിജയ് വാദിത്തിവാരാണ് ആദ്യം കങ്കണ ബീഫ് കഴിക്കുമെന്ന് പറഞ്ഞത്. കങ്കണയുടെ പഴയ ട്വീറ്റുകള്‍ കുത്തിപ്പൊക്കിയായിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ പ്രസ്താവന. കങ്കണ എക്‌സില്‍ താന്‍ ബീഫ് കഴിക്കുമെന്നും തനിക്ക് ബീഫ് ഇഷ്ടമാണെന്നും എഴുത്തിയിട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് ആരോപിക്കുകയുണ്ടായി. ബീഫ് കഴിക്കുന്നതില്‍ തെറ്റില്ലെന്ന് ചൂണ്ടിക്കാട്ടി കങ്കണ 2019-ല്‍ ട്വീറ്റ് ചെയ്ത കുറിപ്പും പ്രചാരണങ്ങള്‍ക്ക് ആക്കംകൂട്ടി. ബീഫ് വിഷയം സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് വിശദീകരണവുമായി അവർ രംഗത്തെത്തിയത്‌.

Leave a Reply

Your email address will not be published. Required fields are marked *