ദില്ലി: ജസ്റ്റിസ് ബി ആർ ഗവായ് സുപ്രീം കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസാകും. അമ്പത്തിരണ്ടാമത് ചീഫ് ജസ്റ്റിസ് ആയാണ് ജസ്റ്റിസ് ?ഗവായ് അധികാരമേൽക്കുക. മെയ് 14 നാണ് അദ്ദേഹം ചുമതലയേൽക്കുക. ജസ്റ്റിസ് കെജി ബാലകൃഷ്ണന് ശേഷം ദളിത് വിഭാഗത്തിൽ നിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആകുന്ന വ്യക്തിയാണ് ജസ്റ്റിസ് ഗവായ്.
1960 നവംബർ 24 ന് അമരാവതിയിലാണ് ജസ്റ്റിസ് ?ഗവായ് ജനിച്ചത്. ജസ്റ്റിസ് ഭൂഷൺ രാമകൃഷ്ണ ഗവായ് എന്നാണ് പൂർണനാമം. മുൻ അഡ്വക്കേറ്റ് ജനറലും ഹൈക്കോടതി ജഡ്ജിയുമായിരുന്ന പരേതനായ ജസ്റ്റിസ് രാജ എസ്. ബോൺസാലെയോടൊപ്പമാണ് ജസ്റ്റിസ് ?ഗവായ് 1987 വരെ പ്രവർത്തിച്ചത്. 1987 മുതൽ 1990 വരെ ബോംബെ ഹൈക്കോടതിയിൽ സ്വതന്ത്രമായി പ്രാക്ടീസ് ചെയ്തു. 1990 ന് ശേഷം, പ്രധാനമായും ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ചിലാണ് പ്രാക്ടീസ് ചെയ്തത്. 2005 നവംബർ 12-ന് ബോംബെ ഹൈക്കോടതിയിലെ സ്ഥിരം ജഡ്ജിയായി. 2019 മെയ് 24-ന് ഇന്ത്യയുടെ സുപ്രീം കോടതി ജഡ്ജിയായി ഉയർത്തപ്പെട്ടു. ഇപ്പോൾ സുപ്രീംകോടതി അമ്പത്തി രണ്ടാമത് ചീഫ് ജസ്റ്റിസായി സ്ഥാനമേൽക്കാൻ പോകുന്നു.