ഛത്തീസ്ഗഢിൽ മാവോയിസ്റ്റ് സ്ഫോടനം: മലയാളി ഉൾപ്പെടെ രണ്ട് ജവാന്മാർക്ക് വീരമൃത്യു

ഛത്തീസ്ഗഢിൽ മാവോയിസ്റ്റ് കലാപബാധിത പ്രദേശമായ സുക്മയിലുണ്ടായ സ്ഫോടനത്തിൽ മലയാളി ഉൾപ്പെടെ സി.ആർ.പി.എഫ് കോബ്ര യൂണിറ്റ് 201 ബറ്റാലിയനിലെ രണ്ട് ജവാന്മാർക്ക് വീരമൃത്യു. തിരുവനന്തപുരം നന്ദിയോട് ഫാം ജംഗ്ഷൻ അനിഴം ഹൗസിൽ രഘുവരൻ, അജിത ദമ്പതികളുടെ മകൻ ആർ.വിഷ്ണു (35), ഷൈലേന്ദ്ര (29) എന്നിവരാണ് കൊല്ലപ്പെട്ടത്. നിരവധി സൈനികർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.

സൈനികർ സഞ്ചരിച്ച ട്രക്ക് കടന്നുപോകുന്ന വഴിയിൽ മാവോയിസ്റ്റുകൾ സ്ഥാപിച്ച ഐ.ഇ.ഡി (ഇംപ്രൊവൈസ്ഡ് എക്സ്‌‌പ്ളോസീവ് ഡിവൈസ്) പൊട്ടിത്തെറിക്കുകയായിരുന്നു. വിഷ്ണുവാണ് ട്രക്ക് ഓടിച്ചിരുന്നത്. ഇന്നലെ വൈകിട്ട് മൂന്നിന് റായ്പൂരിൽ നിന്ന് 400 കിലോമീറ്റർ അകലെ ജഗർഗുണ്ടാ പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം. സിൽഗർ ക്യാമ്പിൽ നിന്ന് തെക്ലഗുഡം ക്യാമ്പിലേക്ക് പോകുകയായിരുന്നു സുരക്ഷാസേനയുടെ വാഹനവ്യൂഹം.ട്രക്കിലും ഇരുചക്രവാഹനങ്ങളിലുമായിരുന്നു സൈനിക‌ർ സഞ്ചരിച്ചിരുന്നത്.

സ്‌ഫോടനത്തെ തുടർന്ന് കൂടുതൽ സേനയെ പ്രദേശത്ത് വിന്യസിച്ചു. മാവോയിസ്റ്റുകൾക്കായി തെരച്ചിൽ നടത്തുന്നുണ്ട്. ഛത്തീസ്ഗഢിലെ മാവോയിസ്റ്റ് മേഖലയിലെ സുരക്ഷയ്ക്ക് പ്രത്യേക പരിശീലനം ലഭിച്ച കമാൻഡോകളാണ് കോബ്ര യൂണിറ്റ് 201 ബറ്റാലിയനിലുള്ളത്. അ​തി​നി​ടെ​ ​ധോം​താ​രി​ ​ജി​ല്ല​യി​ൽ​ ​സു​ര​ക്ഷാ​സേ​ന​ ​ഒ​രു​ ​മാ​വോ​യി​സ്റ്റി​നെ​ ​വ​ധി​ച്ചു.

വിഷ്ണു സി.ആർ.പി.എഫിൽ ചേർന്നത് 14 വർഷം മുൻപാണ് . ഒരുവർഷം മുൻപാണ് ഛത്തീസ്ഗഢിൽ എത്തിയത്. ഇന്നലെ ട്രക്കിൽ ക്യാമ്പിലേക്ക് പോകുന്നതിനിടെ ഉച്ചയ്ക്ക് 12.20ന് നാട്ടിലുള്ള ജ്യേഷ്ഠൻ അരുണിനെ ഫോണിൽ വിളിച്ചിരുന്നു. വൈകിട്ട് നാലോടെയാണ് അപകടവിവരം വീട്ടിലറിഞ്ഞത്. ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്ര്യൂട്ടിലെ നഴ്സ് നിഖിലയാണ് ഭാര്യ. മക്കൾ: നിർദ്ദേവ്, നിർവിൽ. ഇന്ന് ഉച്ചയ്ക്കുശേഷം മൃതദേഹം നാട്ടിൽ എത്തിക്കുമെന്നാണ് കുടുംബത്തിന് ലഭിച്ച അറിയിപ്പ്.

Leave a Reply

Your email address will not be published. Required fields are marked *