ഗ്യാനേഷ് കുമാറും സുഖ്ബിർ സിങ് സന്ധുവും തിരഞ്ഞെടുപ്പ് കമ്മിഷണർമാരായേക്കും; വിയോജിച്ച് പ്രതിപക്ഷം

പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണർമാരായി മുൻ ഐഎഎസ് ഉദ്യോഗസ്ഥരായ ഗ്യാനേഷ് കുമാറും സുഖ്ബിർ സിങ് സന്ധുവിനേയും തിരഞ്ഞെടുത്തു. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതിയാണ് തിരഞ്ഞെടുപ്പ് കമ്മീഷണർമാരെ തിരഞ്ഞെടുത്തത്. ലോക്‌സഭയിൽ കോൺഗ്രസിന്റെ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരിയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. തീരുമാനത്തിനെതിരെ പ്രതിപക്ഷം വിയോജിച്ചു.

പ്രധാനമന്ത്രിയെയും അധീർ രഞ്ജൻ ചൗധരിയെയും കൂടാതെ ആഭ്യന്തര മന്ത്രി അമിത് ഷായായിരുന്നു സമിതിയിലുണ്ടായിരുന്നത്. ചുരുക്കപ്പട്ടികയിലുള്ള പേരുകൾ തനിക്ക് മുൻകൂട്ടി ലഭ്യമാക്കിയില്ലെന്ന് പറഞ്ഞ് തുടർന്നുള്ള നടപടിയെ ചോദ്യം ചെയ്തുകൊണ്ടാണ് അധീർ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയത്.

ഗ്യാനേഷ് കുമാർ കേരള കേഡറിലേയും സുഖ്ബിർ സിങ് സന്ധു പഞ്ചാബ് കേഡറിലേയും മുൻ ഐഎഎസ് ഉദ്യോഗസ്ഥരാണ്. വിരമിച്ച കമ്മിഷണർ അനൂപ് ചന്ദ്ര പാണ്ഡെക്കും രാജിവെച്ച കമ്മിഷണർ അരുൺ ഗോയലിനും പകരമാണ് രണ്ട് അംഗങ്ങളെ തിരഞ്ഞെടുത്തത്. തിരഞ്ഞെടുപ്പ് കമ്മീഷണർമാരെ സർക്കാർ നേരിട്ട് നിയമിക്കുന്നതിനെ ചോദ്യം ചെയ്തുള്ള ഹർജി വെള്ളിയാഴ്ച സുപ്രീംകോടതി പരിഗണിക്കാനിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *