ഗുസ്തി ഫെഡറേഷൻ കാര്യങ്ങളിൽ ഇനി ഇടപെടരുത്; ബ്രിജ് ഭൂഷന് കർശന താക്കീതുമായി ബിജെപി

ഗുസ്തി താരങ്ങൾ പ്രതിഷേധം കടുപ്പിച്ചതിന് പിന്നാലെ ബിജെപി എംപിയും ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷനുമായ ബ്രിജ് ഭൂഷണ് താക്കീത് നൽകി ബിജെപി. ഗുസ്തി ഫെഡറേഷനിൽ ഇനി ഇടപെട്ടാൽ കടുത്ത നടപടി നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. ദേശീയ തലത്തിൽ വലിയ തിരിച്ചടിയായേക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ, പ്രധാനമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്നാണ് ബിജെപി നടപടി കടുപ്പിക്കുന്നത്. നരേന്ദ്രമോദിയുടെ നിർദ്ദേശപ്രകാരം ബ്രിജ്ഭൂഷണെ നേരത്തെ വിളിച്ചു വരുത്തിയിരുന്നു. പുരസ്കാരങ്ങളടക്കം തിരിച്ച് നൽകി പ്രതിഷേധിക്കുന്ന താരങ്ങളെ തണുപ്പിക്കാനാണ് കേന്ദ്രത്തിന്റെ നീക്കം. താരങ്ങളുമായി ചർച്ച നടന്നേക്കും.

ഗുസ്തി ഫെഡറേഷൻ പിരിച്ച് വിട്ടതിന് പിന്നാലെ, ദേശീയ ഗുസ്തി ഫെഡറേഷൻ ഭരണ നിർവഹണത്തിനായി താൽകാലിക സമിതിയെ ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ നിയോഗിച്ചിരുന്നു. ഭൂപീന്ദർ സിംങ് ബജ്വയുടെ നേതൃത്വത്തിൽ മൂന്നംഗ സമിതിക്കാണ് ചുമതല. വിലക്ക് നേരിട്ട ഭരണസമിതിക്ക് പകരം അഡ്ഹോക് കമ്മിറ്റി പ്രഖ്യാപിച്ചെങ്കിലും വനിത അധ്യക്ഷ വേണമെന്ന താരങ്ങളുടെ നിർദേശം പരിഗണിച്ചിട്ടില്ല. ഭൂപീന്ദർ സിംങ് ബജ്വയാണ് അഡ്ഹോക് കമ്മിറ്റി തലവൻ. ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ എക്സ്ക്യൂട്ടീവ് അംഗമായ ബജ്വ നേരത്തെ ഫെഡറേഷൻ വിലക്ക് നേരിട്ടപ്പോഴും അഡ്ഹോക് കമ്മിറ്റി അംഗമായിരുന്നു. എംഎം സോമായ, മഞ്ജുഷ കൻവാർ എന്നിവരാണ് മറ്റ് അംഗങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *