ഗാർഹിക ജോലിക്കാരിയായ 18കാരിയെ പീഡിപ്പിച്ചെന്ന ആരോപണത്തെ തുടർന്ന് ഡിഎംകെ എംഎൽഎയും നേതാവുമായ ഐ കരുണാനിധിയുടെ മകനും മരുമകൾക്കുമെതിരെ ചെന്നൈ പൊലീസ് കേസെടുത്തതായി റിപ്പോർട്ട്. കേസിന്റെ കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്താൻ പൊലീസ് വിസമ്മതിച്ചതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. പീഡനമേറ്റ പെൺകുട്ടിയെ ഇതുവരെ കാണാൻ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
പട്ടികജാതി വിഭാഗത്തിൽപ്പെട്ട പെൺകുട്ടി മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിന് തയ്യാറെടുക്കുകയായിരുന്നു. കോച്ചിങ്ങിന് ചേരാൻ പണം കണ്ടെത്താനായിരുന്നു ജോലി ചെയ്തത്. കഴിഞ്ഞ ഒരു വർഷമായി കരുണാനിധിയുടെ മകന്റെ വീട്ടിലാണ് ജോലി ചെയ്തിരുന്നതെന്ന് പൊലീസ് പറഞ്ഞു. ശരീരത്തിൽ മുറിവേറ്റ പാടുകളും സിഗരറ്റ് ഉപയോഗിച്ച പൊള്ളിച്ച അടയാളങ്ങളും കണ്ടെത്തിയതായി പൊലീസ് പറയുന്നു.
യുവതിയെ ചികിത്സയ്ക്കായി ഉളുന്ദൂർപേട്ടയിലെ ആശുപത്രിയിൽ കൊണ്ടുപോയി. അവിടെയുള്ള ഡോക്ടർമാരാണ് പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചത്. പരാതി നൽകാൻ പെൺകുട്ടിയോട് ആവശ്യപ്പെടുകയാണ്. കേസ് ഒഴിവാക്കാൻ ശ്രമിക്കുന്നതായി സംശയമുണ്ടെന്നും പൊലീസ് പറഞ്ഞു. സിഗരറ്റ് ഉപയോഗിച്ച് പൊള്ളിച്ച അടയാളങ്ങൾ പഴക്കമുള്ളതാണെന്നും കൂടുതൽ അന്വേഷണത്തിന് ശേഷമേ വ്യക്തത വരൂവെന്നും പൊലീസ് പറയുന്നു. എന്നാൽ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് ആരോപണം ഉന്നയിക്കുന്നതെന്ന് ആരോപണ വിധേയർ പറഞ്ഞു.
17 വയസ്സുള്ളപ്പോൾ വീട്ടുജോലിക്ക് എത്തിയെന്നും തന്നെ ചെരിപ്പ്, സ്പൂണുകൾ, ചൂൽ, മോപ്പ് തുടങ്ങിയ സാധനങ്ങൾ ഉപയോഗിച്ച് മർദിക്കുകയും ശരീരമാസകലം മുറിവുകൾ ഉണ്ടാക്കുകയും ചെയ്തെന്ന് പെൺകുട്ടി പറഞ്ഞു. മരുമകളാണ് കൂടുതൽ ഉപദ്രവിച്ചത്. കഴിഞ്ഞ വർഷം 600-ൽ 433 മാർക്കോടെ 12-ാം ക്ലാസ് പാസായി. മെഡിസിൻ പഠിക്കാനുള്ള നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റിന്റെ (നീറ്റ്) കോച്ചിംഗിന് ചേരാൻ ആഗ്രഹിച്ചു. പണം കണ്ടെത്താനാണ് വീട്ടുജോലിക്ക് എത്തിയത്. അമ്മ ചെന്നൈയിലെ മറ്റൊരു വീട്ടിൽ വീട്ടുജോലിക്കാരിയായി ജോലി ചെയ്യുകയാണ്. 16,000 രൂപ പ്രതിമാസ ശമ്പളം വാഗ്ദാനം ചെയ്തെങ്കിലും 5000 രൂപ മാത്രമാണ് നൽകിയതെന്നും പെൺകുട്ടി പറഞ്ഞു.